
വാഷിംഗ്ടൺ: ഫൈസറും ബയോൺടെക്കും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിന് അമേരിക്കയിൽ അനുമതി.യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വെള്ളിയാഴ്ചയാണ് വാക്‌സിന് അനുമതി നൽകിയത്. കഴിഞ്ഞ ദിവസം എഫ്.ഡി.എ രൂപീകരിച്ച വിദഗ്ദ്ധ സമിതി ഫൈസർ വാക്സിന് അനുകൂലമായ നടപടിയെടുത്തിരുന്നു.
കൊവിഡ് തടയുന്നതിനായി ഫൈസർ വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാൻ അംഗീകാരം നൽകുന്നതായി ഏജൻസി ചീഫ് സയന്റിസ്റ്റ് ഡെനിസ് ഹിന്റൺ ഫൈസർ എക്‌സിക്യൂട്ടീവിന് അയച്ച കത്തിൽ പറയുന്നു. 24 മണിക്കൂറിനകം ആദ്യ ഡോസ് നൽകുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കും ശുശ്രൂഷാകേന്ദ്രങ്ങളിൽ താമസിക്കുന്ന മുതിർന്നവർക്കുമാണ് മുൻഗണന. 'ഫെഡ്എക്‌സും യു.പി.എസുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും പോസ്റ്റൽ കോഡിലേക്കും ഇതിനകം തന്നെ വാക്‌സിൻ അയയ്ക്കാൻ തുടങ്ങി. തങ്ങളുടെ സംസ്ഥാനങ്ങളിൽ ആരാണ് ആദ്യം ഷോട്ടുകൾ സ്വീകരിക്കേണ്ടതെന്ന് ഗവർണർമാർ തീരുമാനിക്കണമെന്നും', ട്രംപ് കൂട്ടിച്ചേർത്തു.
16 വയസിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുക. ആദ്യഘട്ടത്തിൽ 29 ലക്ഷം പേർക്കാണ് വാക്സിൻ നൽകുമെന്നാണ് വിവരം. ലോകത്താദ്യമായി വ്യാപകമായ തോതിൽ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയ വാക്‌സിന് ബ്രിട്ടൻ, കാനഡ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും അംഗീകാരം നൽകിയിരുന്നു. 44,000 ആളുകളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണങ്ങളുടെ അവസാന ഫലം വ്യാഴാഴ്ച ന്യൂ ഇംഗ്ലണ്ട് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കൂടാതെ 95% ഫലപ്രാപ്തി ഉണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അമേരിക്കയിൽ ബുധനാഴ്ച 3253 പേരും വ്യാഴാഴ്ച 2902 പേരും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ 2996 പേരും പേൾ ഹാർബർ ആക്രമണത്തിൽ 2403 പേരും കൊല്ലപ്പെട്ടതിനെക്കാളും അധികമാണ് രാജ്യത്തെ പ്രതിദിന മരണനിരക്ക്.
അമേരിക്കയിൽ 16,295,714 രോഗികളാണുള്ളത്. 302,762 പേർ മരിച്ചു. അടിയന്തര നടപടികളില്ലെങ്കിൽ ഏപ്രിലോടെ മരണം അഞ്ചുലക്ഷം ആകുമെന്നാണ് വാഷിംഗ്ടൺ സർവകലാശാലയുടെ പഠനം.