new-law

മുംബയ്: രാജ്യത്ത് വർദ്ദിച്ചു വരുന്ന ഒരു സാമൂഹ്യ പ്രശ്‌നം തന്നെയാണ് സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ പലവിധ അതിക്രമങ്ങൾ. തിരികെ പ്രതികരിക്കാത്തവരെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അത്തരം അധമന്മാർക്ക് ഇനി മഹാരാഷ്‌ട്രയിൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. ഉദ്ദവ് താക്കറെ സർക്കാർ സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണങ്ങൾക്കെതിരെ കഠിന ശിക്ഷ ലഭിക്കുന്ന ഒരു നിയമത്തിന്റെ കരട് തയ്യാറാക്കി കഴിഞ്ഞു. ശക്തി ആക്‌ട് എന്ന് പേരിട്ടിരിക്കുന്ന ഈ ആക്‌ടിൽ വനിതകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ പരമാവധി വധശിക്ഷ ലഭിക്കാവുന്ന കു‌റ്റമായാണ്. അതല്ലാത്ത പക്ഷം ജീവപര്യന്തമോ ഭാരിച്ച പിഴയോ ഈടാക്കാനാണ് കരടിൽ ശുപാർശ ചെയ്യുന്നത്.

ശക്തി ക്രിമിനൽ നിയമവും ശക്തി നിയമം നടപ്പാക്കാനുള‌ള പ്രത്യേക കോടതിയും അതിനുള‌ള പ്രവർത്തന സംവിധാനം സ്ഥാപിക്കാനുള‌ള നിയമവുമാണ് പാസാക്കാൻ മഹാരാഷ്‌ട്ര സർക്കാർ ആലോചിക്കുന്നത്. ഡിസംബർ 14-15 തീയതികളിൽ കൂടുന്ന ശൈത്യകാല നിയമസഭ സമ്മേളനത്തിൽ ബിൽ പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ആന്ധ്രപ്രദേശ് സർക്കാർ പാസാക്കിയ ദിശ നിയമത്തിനെ പിൻപ‌റ്റിയാണ് മഹാരാഷ്‌ട്രയും ഇത്തരം നിയമം കൊണ്ടുവരുന്നത്. പൊതുമരാമത്ത് മന്ത്രി അശോക് ചവാന്റെ നേതൃത്വത്തിലെ ക്യാബിന‌റ്റ് സബ് കമ്മി‌റ്റിയെയാണ് നിയമം കൊണ്ടുവരാനായി സർക്കാർ ചുമതലപ്പെടുത്തിയത്. നിയമസഭയുടെ ഇരുസഭയിലേക്കും അയച്ച് അംഗീകാരത്തിന് ശേഷം നിയമം അംഗീകാരത്തിനായി കേന്ദ്ര സർക്കാരിനും പ്രസിഡന്റിനും നൽകും.

ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ ശിക്ഷാ നിയമം,പോക്‌സോ ആക്‌ടുകളിൽ പരിഷ്‌കരണമാണ് ഈ ബിൽ ആവശ്യപ്പെടുന്നത്. ഇത്തരം കേസുകൾ അന്വേഷിക്കാനും വിചാരണക്കും പ്രത്യേക പൊലീസും കോടതിയും സ്ഥാപിക്കാൻ വ്യവസ്ഥയുണ്ട്. ആസിഡ് ആക്രമണം നടത്തുന്നവർക്ക് പത്ത് ലക്ഷം രൂപ പിഴശിക്ഷയാണ് ഏർപ്പെടുത്തുക. മുഖത്ത് പ്ളാസ്‌റ്റിക് സർജറി നടത്താനും പുതുക്കാനും ഈ തുക ഉപയോഗിക്കാം. ഗൗരവകരമായ കേസുകൾ ക്യാമറയിൽ രേഖപ്പെടുത്തുകയും ഗുരുതര പരുക്കുള‌ള ഇരയുടെ വീഡിയോ തെളിവ് ശേഖരിക്കുകയും ചെയ്യും.

സ്‌ത്രീകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്‌താൽ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുകയോ രണ്ട് വർഷത്തേക്ക് തടവ് ശിക്ഷ ലഭിക്കുകയോ ചെയ്യാം. ഇത്തരം കേസുകളിൽ പ്രതിസ്ഥാനത്തുള‌ളവരുടെ പട്ടിക തയ്യാറാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.