c-m-raveendran

തിരുവനന്തപുരം: എഴുന്നേറ്റു നിൽക്കാൻ വയ്യാത്തവിധം ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യലിന് രണ്ടാഴ്ച അവധി തേടിയ സി.എം. രവീന്ദ്രന്റെ രോഗം സംബന്ധിച്ച വിശദാംശങ്ങൾ ഇ.ഡി പരിശോധിക്കുമെന്ന റിപ്പോർട്ടിനു പിന്നാലെ ഇന്നലെ അദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി ജവഹർ നഗറിലെ ഫ്ളാറ്റിലെത്തി. ചോദ്യംചെയ്യലിന് സാവകാശം തേടി നൽകിയ കത്തിനൊപ്പം സമർപ്പിച്ച മെഡിക്കൽ റിപ്പോ‌ർട്ടിന്റെ വിശ്വാസ്യതയിൽ ഇ.ഡിക്ക് സംശയമുണ്ടെന്നും, പുതിയ മെഡിക്കൽ ബോ‌‌ർഡിനെ നിയോഗിക്കാൻ നിർദ്ദേശിക്കുമെന്നും കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തതിനു പിറകെയാണ് രവീന്ദ്രന്റെ പുതിയ നീക്കം.

മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ 'രോഗരഹസ്യം' സംബന്ധിച്ച് വിശദാന്വേഷണത്തിന് ഇ.ഡി നീക്കം തുടങ്ങിയതോടെ, ഇന്നലെ രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമില്ലെന്നും, ഗുളികകൾ കഴിച്ച് ഒരാഴ്ച വീട്ടിൽ വിശ്രമിച്ചാൽ മതിയെന്നും നിർദ്ദേശിക്കുകയായിരുന്നു. കഴുത്തിലെ അസ്ഥിയുടെ തേയ‌്‌മാനം കാരണം എഴുന്നേറ്റു നിൽക്കാൻ വയ്യെന്നായിരുന്നു രവീന്ദ്രൻ ഇ.ഡിക്കു നൽകിയ മെഡിക്കൽ റിപ്പോർട്ട്.

എന്നാൽ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി മൂന്നരയോടെ ഫ്ലാറ്റിലെത്തിയ രവീന്ദ്രൻ കഴുത്തിൽ കോളറുമായി പരസഹായമില്ലാതെ വേഗത്തിൽ കാറിൽ നിന്നിറങ്ങി, രണ്ടു പടവുകൾ വീതം ചാടിക്കയറിയാണ് മുകൾ നിലയിലേക്കു പോയത്. ഈ ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ, മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നേരത്തെ നൽകിയ റിപ്പോർട്ട് സംശയകരമാണെന്ന് ഇ.ഡി വിലയിരുത്തുന്നു. മെഡിക്കൽ റിപ്പോർട്ടിനെപ്പറ്റി വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായമറിഞ്ഞ ശേഷം ചോദ്യം ചെയ്യലിനു ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകും. രവീന്ദ്രൻ ആവശ്യപ്പെട്ട രണ്ടാഴ്ച നൽകില്ല. ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും ഇ.ഡി വ്യക്തമാക്കി.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത രവീന്ദ്രൻ, മെഡിക്കൽ കോളേജാശുപത്രി അധികൃതരുടെ സഹായത്തോടെ അഡ്‌മിറ്റായെന്നാണ് ഇ.ഡിയുടെ നിഗമനം. മൂന്നുവട്ടം നോട്ടീസ് നൽകിയപ്പോഴും രവീന്ദ്രൻ മെഡിക്കൽകോളേജിൽ അഡ്മിറ്റായിരുന്നു. അതേസമയം, ഒരാഴ്ച വിശ്രമിച്ചശേഷം ഫിസിക്കൽ മെഡിസിൻ വിഭാഗത്തിൽ പരിശോധനയ്ക്ക് എത്തണമെന്ന് രവീന്ദ്രനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രി വ്യക്തമാക്കി. അതിനു ശേഷമാവും തുടർചികിത്സ നിശ്ചയിക്കുക.

ഡോക്ടർമാരും വിരണ്ടു

@ മെഡിക്കൽകോളേജ് സൂപ്രണ്ടും നാല് വകുപ്പുമേധാവികളും അടങ്ങിയ ബോർഡാണ് രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്തിയത്. അതിനാൽ പുറമെനിന്നുള്ള ഡോക്ടർമാരുടെ ബോർഡുണ്ടാക്കാൻ ഇ.ഡി ഒരുങ്ങി.

@ ഗുരുതര രോഗമില്ലാതെ അഡ്‌മിറ്റാക്കിയെങ്കിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചു.

@ സിവിൽ കോടതിയുടെ അധികാരമുളള ഇ.ഡി നൽകിയ നോട്ടീസ് സമൻസാണ്. സമൻസ് തടയുന്നത് ഗുരുതര കുറ്റമാണെന്ന് നിലപാടെടുത്തു.

ഇനി എന്ത്

1) മെഡിക്കൽ കോളേജിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നൽകും

2) ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോകും

3) രവീന്ദ്രനുമായി ബന്ധമുള്ള മറ്റു ചിലരെയും അന്വേഷണപരിധിയിലാക്കും

4) ബന്ധുക്കളുടെ ബിനാമി ഇടപാടുകളുടെ വിവരങ്ങളുമായി രവീന്ദ്രനെ ചോദ്യം ചെയ്യും.