surendran

കോഴിക്കോട്: സ്വ‌ർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് വധഭീഷണി ഉണ്ടായ സംഭവത്തിൽ ജയിൽ ഡി.ഐ.ജി മനഃപൂർവം കള്ളം പറയുകയാണെന്നും സ്വപ്നയെ ജയിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ്ബിന്റെ 'മീറ്റ് ദ ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് സ്വർണക്കടത്ത് കേസ് അട്ടിമറിക്കുകയാണ്. ജയിൽ അധികൃതർ സ്വപ്നയിൽ നിന്ന് മൊഴിയെടുത്തത് എന്തിനാണ്? സ്വപ്നയുടെ അഭിഭാഷകൻ പറയുന്നത് അവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ്. പിന്നെന്തിനാണ് വധഭീഷണിയിൽ കഴമ്പില്ലെന്ന് ജയിലധികൃതർ പറയുന്നത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയും സ്പീക്കറും പരുങ്ങലിലാണ്. പ്രചരണത്തിന് നേരിട്ട് ഇറങ്ങാത്ത മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ച് പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുകയും പരാതികൾ സ്വീകരിച്ച് വാഗ്ദാനങ്ങൾ നൽകുകയുമാണ്. വർഗീയ സംഘടനകളുമായി സഖ്യം ചേർന്ന യു.ഡി.എഫ് വോട്ടെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും തകർന്നടിഞ്ഞ് കഴിഞ്ഞു. സംസ്ഥാനത്തെ അഞ്ച് കോർപ്പറേഷനുകളിലും എൻ.ഡി.എ മികച്ച മുന്നേറ്റം നടത്തും. കണ്ണൂരിൽ നിരവധി സീറ്റുകളിൽ ജയിച്ച് അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.