
അൾസറുകൾ പലവിധത്തിലുണ്ട്. എന്നാൽ, കുടലിലുണ്ടാകുന്ന അൾസർ അഥവാ കുടൽപ്പുണ്ണ് എന്ന രോഗത്തെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. അന്നനാളത്തിനകത്ത്, ആമാശയത്തിനകത്ത്, ആമാശയവും ചെറുകുടലും ചേരുന്ന ഡിയോഡിനം എന്ന ഭാഗത്ത്, ചെറുകുടലിലോ ആന്തരികമായി കാണുന്ന നേർത്ത സ്തരത്തിൽ എന്നിവിടങ്ങളിലാണ് വ്രണങ്ങൾ ഉണ്ടാകുന്നത്.
ഇപ്രകാരമുള്ള അൾസർ രോഗത്തെ പൊതുവിൽ പെപ്റ്റിക് അൾസർ എന്നാണ് വിളിക്കുന്നത്. ആമാശയത്തിനകത്ത് മാത്രമാണ് അൾസർ കാണുന്നതെങ്കിൽ അതിനെ ഗ്യാസ്ട്രിക് അൾസറെന്നും, ആമാശയവും ചെറുകുടലും ചേരുന്ന ഡിയോഡിനം എന്ന ഭാഗത്തിനുള്ളിലാണെങ്കിൽ ഡിയോഡിനൽ അൾസർ എന്നും വിളിക്കും.
ബാക്ടീരിയ, വീക്കവും വേദനയും കുറയ്ക്കുന്നതിനും രക്തം കട്ട പിടിക്കുന്നത് തടസ്സപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന ആസ്പിരിൻ പോലുള്ള മരുന്നുകൾ എന്നിവയാണ് അൾസറിന്റെ പ്രധാന കാരണങ്ങൾ.
അൾസറുള്ള ചിലർ ഒരു ലക്ഷണവും പ്രകടമാക്കാറില്ല. വലിഞ്ഞു മുറുകുന്നത് പോലെയോ,പൊള്ളുന്നതോ, ആളിക്കത്തുന്നത് പോലെയോയുള്ള വേദന വയറിന്റെ മുകൾഭാഗത്തായി, രണ്ട് ആഹാര സമയങ്ങൾ ക്കിടയിൽ വിശപ്പ് അനുഭവപ്പെടുമ്പോഴോ അല്ലെങ്കിൽ രാത്രിയിലോ കാണുന്നത് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമാണ്.
പെട്ടെന്ന് വർദ്ധിക്കാത്ത തരത്തിലുള്ള വേദന നെഞ്ചിലും വയറിലും ഉണ്ടാകാം. ഏമ്പക്കം, നെഞ്ചെരിച്ചിൽ, ദഹനക്കേട്, ഓക്കാനം, ഗ്യാസ്, ഛർദ്ദി എന്നിവയും ലക്ഷണങ്ങളാണ്. ശരീരമാകെയുള്ള ക്ഷീണവും തളർച്ചയും, ഭക്ഷണം ആവശ്യത്തിന് കഴിക്കാതെ തന്നെ വേഗം വയർ നിറഞ്ഞ പോലെയുള്ള തോന്നലും, വിശപ്പില്ലായ്മയും കാണാറുണ്ട്. എപ്പോഴും വയറിന് എന്തോ ബുദ്ധിമുട്ടുള്ളത് പോലെയും അനുഭവപ്പെടും.
വയറിന്റെ മേൽ ഭാഗത്തുള്ള വേദനയാണ് സാധാരണയായി കാണുന്ന ലക്ഷണം.
വർദ്ധിച്ച രോഗാവസ്ഥയിൽ ആന്തരിക രക്തസ്രാവം കാരണം ഒട്ടുന്ന സ്വഭാവമുള്ള കറുത്ത് ഇരുണ്ടതോ,കടുത്ത ചുവപ്പ് നിറമുള്ളതോ,മറൂൺ നിറമുള്ളതോ ആയ മലം കാണാം.കോഫീ ബ്രൗൺ നിറത്തിൽ രക്തം കലർന്ന് ഛർദ്ദിയുമുണ്ടാകാം. വയറിന് മേൽഭാഗത്തായി കാണുന്ന വേദന അസഹ്യമാകുകയും ശരീരഭാരം കുറഞ്ഞു വരികയും ചെയ്യും.
യാതൊരുവിധ ചികിത്സയും ചെയ്യാതിരുന്നാലും ചിലരിൽ അൾസർ കുറയാറുണ്ട്. അതിന് ഒന്നു മുതൽ രണ്ട് മാസം വരെ സമയമെടുക്കും. വലിയ കുഴപ്പമില്ലാത്ത ഗ്യാസ്ട്രിക് അൾസർ രണ്ടു മുതൽ മൂന്നു മാസം കൊണ്ടും,ഡിയോഡിനൽ അൾസർ ആറുമാസം കൊണ്ടും ഭേദമാകാറുണ്ട്. എന്നാൽ അൾസറുണ്ടായതിനുളള കാരണങ്ങൾ ഒഴിവാക്കാത്ത ഒരാളിൽ ഇവ വീണ്ടും തിരികെ കൂടുതൽ വഷളായി പ്രത്യക്ഷപ്പെടുന്നതിനും ബ്ലീഡിംഗ് ഉണ്ടാകുന്നതിനും ആമാശയത്തിലും ചെറുകുടലിലും വ്രണം വർദ്ധിച്ച് വലുതായി ദ്വാരം വീഴുക പോലെയുള്ള ഗുരുതരമായ ഭവിഷ്യത്തുകൾ സംഭവിക്കുന്നതിനും
ഇടയുണ്ട്.
കോഫി, ചോക്ലേറ്റ്, എരിവും പുളിയും കൂടിയ ഭക്ഷണം,തക്കാളി,ഓറഞ്ച്, മുന്തിരി, മുസംബി,നാരങ്ങ തുടങ്ങിയ പുളിയുള്ളപഴങ്ങൾ,മദ്യം, പുകവലി, ടെൻഷൻ,ഉപ്പും കൊഴുപ്പും മധുരവും ഉള്ളതും അവ ക്രിത്രിമമായി ചേർത്തതുമായ ഭക്ഷണം എന്നിവ ഒഴിവാക്കണം.
അസിഡിറ്റിയും അൾസറും
അസിഡിറ്റിയുള്ളവരിൽ പിന്നീട് വയറുവേദന കൂടി കാണുകയാണെങ്കിൽ അസിഡിറ്റിക്കുള്ള മരുന്ന് തുടർന്നു കഴിച്ചാൽ മതിയാകില്ല. അസിഡിറ്റി കുറയ്ക്കുന്നതിനുള്ള മരുന്നിനും ഭക്ഷണക്രമീകരണത്തിനുമൊപ്പം അൾസറിനുള്ള മരുന്നുകൾ കൂടി അനിവാര്യമാണ്.
അൾസറുള്ളവർ ഭക്ഷണം കഴിച്ചാലുടൻ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്.
ഭക്ഷണം ദഹിച്ച് കഴിഞ്ഞാൽ അടുത്ത ഭക്ഷണത്തിന് വിശപ്പ് അനുഭവപ്പെടുന്നത് വരെ കാത്തിരിക്കരുത്.
കൂടുതൽ തവണ പഥ്യമായ ഭക്ഷണം കുറേശ്ശെ കഴിക്കുന്നതാണ് നല്ലത്.
അൾസറിന് ആയുർവേദ മരുന്ന് ഉപയോഗിക്കുന്നവരോട് മരുന്നുപയോഗിക്കുന്ന സമയം ഭക്ഷണത്തിന് മുമ്പ് ,ഭക്ഷണത്തിനിടയ്ക്ക് , ഭക്ഷണശേഷം, ഇടയ്ക്കിടെ എന്ന രീതിയിൽ നിർദ്ദേശിച്ചിട്ടുള്ളത് കൃത്യമായി പാലിച്ചാൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ.
അസിഡിറ്റി ഉണ്ടായിരുന്നവർ നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ, പുളിച്ചുതികട്ടൽ, മലശോധന സംബന്ധമായ പ്രശ്നങ്ങൾ, ഗ്യാസ് എന്നിവ കുറയ്ക്കുന്നതിനായി അരിഷ്ടം കഴിച്ച് ശീലിച്ചവർ ആയിരിക്കാനിടയുണ്ട്. എന്നാൽ കുടൽപുണ്ണ് എന്നുപറയുന്ന അൾസർ രോഗം ബാധിച്ചവർ യാതൊരു കാരണവശാലും ഡോക്ടർ നിർദ്ദേശിച്ചിട്ടില്ലെങ്കിൽ അരിഷ്ടങ്ങൾ ഉപയോഗിക്കാൻ പാടില്ല.
ആയുർവേദമാകുമ്പോൾ പാർശ്വഫലമില്ലല്ലോഎന്ന് കരുതി സ്വയം ചികിത്സ ചെയ്യുന്നവർക്ക് പണി കിട്ടുമെന്ന് സാരം.
ശ്രദ്ധിക്കാൻ...
തേൻ, മഞ്ഞൾ,പുളിപ്പില്ലാത്ത മറ്റ് പഴങ്ങൾ,ഇഞ്ചി എന്നിവ നല്ലതാണ്.
വാഴപ്പഴം പച്ചയായാലും പഴുത്തതായാലും അൾസറിനെ കുറയ്ക്കുവാൻ പ്രത്യേക ഗുണമുണ്ട്.
വേദനയുള്ളവർക്ക് പാലുകുടിക്കുമ്പോൾ സുഖം തോന്നുന്നതായി പറയാറുണ്ട്. എന്നാൽ, അത് താല്ക്കാലികം മാത്രമാണ്. പാലും പാലുൽപ്പന്നങ്ങളും ക്രമേണ അസിഡിറ്റിയെ വർദ്ധിപ്പിച്ച് രോഗവർദ്ധനവിന് കാരണമാകും.
ബുദ്ധിമുട്ടുകൾ കൂടുതലുള്ളപ്പോൾ ചൂടുള്ളതെന്തെങ്കിലും കുടിച്ചാൽ അസുഖം കുറയുമെന്ന് വിചാരിക്കുന്നവരുണ്ട്. അപ്പോൾ കിട്ടുന്ന താൽക്കാലിക സുഖം പിന്നീട് രോഗവർദ്ധനവിനെയുണ്ടാക്കും.
അസിഡിറ്റിയുള്ളവർ തുടക്കത്തിൽ തന്നെ മരുന്നും ഭക്ഷണക്രമവും ശ്രദ്ധിക്കണം.
അസിഡിറ്റി കുറയാൻ ചായ, കോഫി, മദ്യം, സോഡാ, കോള എന്നിവ ഉപയോഗിക്കാനേ പാടില്ല.
ശീലിച്ച സമയത്ത് ഭക്ഷണം കഴിക്കുക. വിശപ്പ് സഹിച്ചിരിക്കരുത്.
ഉറക്കം ശരിയാക്കുക. അൾസർ രോഗത്തിന്റെ വേദനയെ ചിലരെങ്കിലും അമിതമായ വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് അസമയത്തും ഭക്ഷണം കഴിക്കാറുണ്ട്. അതും ദഹനപ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുകയേ ഉള്ളു. ലഹരിവസ്തുക്കൾ പൂർണമായും ഒഴിവാക്കണം. വേദനാസംഹാരികളും ആസ്പിരിൻ ഗുളികകളും കഴിക്കുന്നവർ ഇത്തരം ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.
ഏറ്റവും ഫലപ്രദവും കൂടുതൽ സുരക്ഷിതവും പാർശ്വദൂഷ്യഫലങ്ങളില്ലാത്തതുമായ ആയുർവേദ ഔഷധങ്ങൾ ഉപയോഗിക്കുക.