
ന്യൂഡൽഹി: ഇന്ത്യയില്‍ കര്‍ശന ഉപാധികളോടെ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. തങ്ങള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ദമ്പതികള്‍ക്കുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കുട്ടികളുടെ എണ്ണം എത്ര വേണമെന്ന തീരുമാനം സര്‍ക്കാര്‍ ദമ്പതികളില്‍ അടിച്ചേല്‍പിക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ നിര്‍ബന്ധിത ജനസംഖ്യനിയന്ത്രണം നടപ്പാക്കുന്നത് പലതരത്തിലുള്ള സാമൂഹിക അസമ്വതങ്ങള്‍ക്ക് വഴി തുറക്കും. എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കാനും അതിനനുസരിച്ച് കുടുംബാസൂത്രണം നടത്താനും വ്യക്തികള്‍ക്ക് അവകാശവും അധികാരവും ഉണ്ടായിരിക്കും. ഭരണഘടന പ്രകാരം ആരോഗ്യക്ഷേമം സംസ്ഥാനസര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്നതാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനപ്പെട്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാകുന്നു.
അഭിഭാഷകനും ബി ജെ പി നേതാവുമായ അശ്വിനി കുമാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ദമ്പതികള്‍ക്ക് പരമാവധി രണ്ട് കുട്ടികളെ പാടുള്ളൂ എന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തണം എന്ന് ആവശ്യപ്പെട്ട് നേരത്തെ ഡൽഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതു തള്ളി. ഈ നടപടി ചോദ്യം ചെയ്താണ് അശ്വിനികുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.