
കൊൽക്കത്ത: ബോളിവുഡ് നടിയും മോഡലുമായ ആര്യ ബാനർജിയെ (ദേവദത്ത ബാനർജി, 35) സൗത്ത് കൊൽക്കത്തയിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം പുറത്തുവന്ന് ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
വെള്ളിയാഴ്ച രാവിലെ വീട്ടുജോലിക്കാരി കോളിംഗ് ബെല്ലടിച്ചിട്ടും ആര്യയുടെ പ്രതികരണമുണ്ടായില്ല. തുടർന്ന് ഇവർ അയൽക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. അകത്തുനിന്ന് പൂട്ടിയിട്ട വാതിൽ പൊളിച്ചാണ് പൊലീസ് ഫ്ളാറ്റിൽ പ്രവേശിച്ചത്.
കൊൽക്കത്തയിലെ ഫ്ളാറ്റിൽ ഏറെക്കാലമായി നടി ഒറ്റയ്ക്കായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ഒരു വളർത്തുനായയും ഒപ്പമുണ്ടായിരുന്നു. പതിവായി ഹോട്ടലുകളിൽ നിന്നും ഓൺലൈനിലൂടെയാണ് നടി ഭക്ഷണം വരുത്തിയിരുന്നത്. അയൽക്കാരുമായി ബന്ധമുണ്ടായിരുന്നില്ല.
നടിയുടെ ഫോൺകാൾ വിവരങ്ങളും ഫ്ളാറ്റിലെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ആരെങ്കിലും ഫ്ളാറ്റിൽ വന്നോ കഴിഞ്ഞദിവസം ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫൊറൻസിക് ഉദ്യോഗസ്ഥരും ഫ്ളാറ്റിലെത്തി തെളിവെടുപ്പ് നടത്തി.
പ്രമുഖ സിത്താർ വാദകനായ നിഖിൽ ബദ്ധോപാദ്ധ്യായയുടെ മകളാണ്.
വിദ്യാബാലൻ നായികയായ 'ഡേർട്ടി പിക്ചർ" എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. ലവ് സെക്സ് ഔർ ദോക എന്ന ചിത്രത്തിലും അഭിനയിച്ചു.
ഏകസഹോദരി സിങ്കപ്പൂരിലാണ് താമസം.