moon-mission

വാഷിംഗ്ടൺ: ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനായുള്ള നാസയുടെ ആർതെമിസ് മിഷന്റെ ഭാഗമാവാൻ ഒമ്പത് വനിതകളും. കൈല ബാരൻ, ക്രിസ്റ്റീന ഹാമോക് കോച്ച്, നികോൾ.എ.മാൻ, ആനി മക് ക്ലെയ്ൻ, ജെസിക മെയർ, ജാസ്മിൻ മൊഗബെലി, കേറ്റ് റൂബിൻസ്, ജസീക വാറ്റ്കിൻസ്, സ്റ്റെഫനി വിൽസൺ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.ആകെ 18 ബഹിരാകാശ സഞ്ചാരികളാണ് പ്രാഥമിക സംഘത്തിലുള്ളത്. ഇന്ത്യൻ വംശജനായ രാജ ചാരി, ജോസഫ് അകാബ, മാത്യൂ ഡൊമിനിക്, വിക്ടർ ഗ്ലോവർ, വാറൻ ഹോബർഗ്, ജോണി കിം, ജെൽ ലിൻഡ്ഗ്രെൻ, ഫ്രാങ്ക് റുബിയോ, സ്‌കോട്ട് ടിങ്കിൾ എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായ മറ്റുള്ളവർ. കൂടുതൽ പേർ ദൗത്യത്തിന്റെ ഭാഗമായേക്കാമെന്നും റിപ്പോർട്ടുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തം ആർതെമിസ് പദ്ധതിയിലും കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് നാസ. അതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികളും ആർതെമിസ് ടീമിന്റെ ഭാഗമായേക്കും.

2024ഓടെ ആർതെമിസ് ദൗദ്യത്തിന്റെ ഭാഗമായി മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാൻ നാസ ലക്ഷ്യമിടുന്നു. ചന്ദ്രനിൽ ആദ്യമായി ഒരു വനിത കാല് കുത്തും എന്ന സവിശേഷതയും ഈ പദ്ധതിയ്ക്കുണ്ട്. ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിദ്ധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആർതെമിസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ചാന്ദ്ര ദൗത്യത്തിന് പിന്നാലെ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനും നാസയ്ക്ക് പദ്ധതിയുണ്ട്.