statue

ഇസ്ലാമാബാദ്: പത്തൊൻപതാം നൂറ്റാണ്ടിലെ സിക്ക് ഭരണാധികാരി മഹാരാജ രഞ്ജിത് സിംഗിന്റെ പ്രതിമ അടുത്തിടെ പാകിസ്ഥാനിൽ തകർക്കപ്പെട്ടു. സംഭവത്തിൽ ലാഹോറിലെ ഹർബൻസ്‌പുര സ്വദേശിയായ സഹീർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിമ സഹീറും സംഘവും ചേർന്ന് നശിപ്പിച്ചെന്നാണ് റിപ്പോർട്ട്.

ലാഹോറിലെ റോയൽ ഫോർട്ടിൽ സ്ഥിതി ചെയ്യുന്ന ഈ പ്രതിമ കഴിഞ്ഞ വർഷം ജൂണിൽ അനാച്ഛാദനം ചെയ്തത് മുതൽ അക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. 1839 ൽ അന്തരിച്ച സിംഗിനോടുള്ള ആദര സൂചകമായാണ് ഒൻപത് അടി ഉയരത്തിലുള്ള പ്രതിമ നിർമ്മിച്ചത്. സിംഗിന്റെ 180-ാം ചരമവാർഷികത്തോടനുബന്ധിച്ച് ലാഹോർ കോട്ടയിലായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്.

ഫക്കീർ ഖാന മ്യൂസിയത്തിന്റെ മേൽനോട്ടത്തിൽ പ്രാദേശിക കലാകാരന്മാരാണ് ഈ പ്രതിമ നിർമ്മിച്ചത്.വെങ്കലത്തിൽ നിർമ്മിച്ച പ്രതിമ മഹാരാജാവ് കുതിരപ്പുറത്ത് വാളുമായി ഇരിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ പഞ്ചാബിലെ സിക്ക് സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു മഹാരാജ രഞ്ജിത് സിംഗ്. മഹാരാജ രഞ്ജിത് സിംഗ് “ഷേർ-ഇ-പഞ്ചാബ്” അല്ലെങ്കിൽ “പഞ്ചാബിന്റെ സിംഹം” എന്നാണറിയപ്പെടുന്നത്.