
ചെന്നൈ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രജനികാന്ത് തിരുവണ്ണാമലയിൽ നിന്ന് മത്സരിക്കുമെന്ന് സഹോദരൻ സത്യനാരായണ റാവു. തിരുവണ്ണാമല അരുണഗിരി നാഥർ ക്ഷേത്രത്തിൽ രജനിക്കായി മൃത്യുഞ്ജയഹോമം നടത്തുകയായിരുന്നു അദ്ദേഹം.
രജനി മക്കൾ മൻട്രം ഭാരവാഹികളുമായി താരവും പാർട്ടി ഓവർസിയർ തമിഴരുവി മണിയൻ, ചീഫ് കോ-ഓർഡിനേറ്റർ അർജുന മൂർത്തി എന്നിവരും നടത്തിയ ചർച്ചയിൽ രജനികാന്ത് രൂപീകരിക്കുന്ന പാർട്ടിയുടെ എല്ലാ സമിതികളിലും ചുരുങ്ങിയത് 5 ശതമാനം വനിതാപ്രാതിനിദ്ധ്യം ഉറപ്പുവരുത്താൻ തീരുമാനിച്ചിരുന്നു. രജനി മക്കൾ മൻട്രം കൺവീനർ വി.എം. സുധാകറും യോഗത്തിൽ പങ്കെടുത്തു. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിദ്ധ്യവും കമ്മിറ്റികളിൽ ഉറപ്പാക്കണമെന്നു നേതൃത്വം നിർദേശിച്ചു. ബൂത്ത്തല കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കാൻ രജനി നിർദ്ദേശിച്ചിട്ടുണ്ട്. ബൂത്ത്തലം മുതൽ വനിതാ പ്രാതിനിദ്ധ്യമുറപ്പാക്കണം. ഇന്നലെ 70ാം ജന്മദിനാഘോഷത്തിനു ശേഷം രജനികാന്ത് 14നു ഷൂട്ടിംഗിനായി ഹൈദരാബാദിലേക്കു തിരിക്കും. പിന്നീട് പാർട്ടി പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുന്നതിനായിരിക്കും താരം തിരിച്ചെത്തുക. പൊങ്കലിന് പാർട്ടി പ്രഖ്യാപിക്കുമെന്നാണു സൂചന.
 പിറന്നാൾ ആശംസയുമായി മോദി
എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന രജനികാന്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെയെന്ന് മോദി ആശംസിച്ചു.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവവും രജനികാന്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. പിറന്നാൾ പ്രമാണിച്ച് നിരവധി ആരാധകരാണ് ചെന്നൈയിലെ രജനികാന്തിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയത്.