
ബ്യൂണസ് ഐറിസ്: ഗർഭച്ഛിദ്രം നിയമ വിധേയമാക്കുന്ന കരട് ബില്ലിന് അർജന്റീനീയൻ പാർലമെന്റിന്റെ അധോസഭയുടെ അംഗീകാരം. 14 ആഴ്ചവരെ പ്രായമായ ഗർഭം അലസിപ്പിക്കാൻ നിയമപരമായി അംഗീകാരം നൽകുന്ന വ്യവസ്ഥകൾ അടങ്ങിയതാണ് ബിൽ. വെള്ളിയാഴ്ച രാവിലെ നടന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് അവതരിപ്പിച്ച കരട് ബിൽ 117നെതിരെ 131 വോട്ടുകൾക്കാണ് പാസായത്. ആറ് അംഗങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
അധോസഭ പാസാക്കിയതോടെ ബിൽ സെനറ്റിന്റെ പരിഗണനക്ക് വിടും. സെനറ്റിൽ ബില്ലിനെതിരെ ശക്തമായ വോട്ടെടുപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സെനറ്റ് അംഗീകാരം നൽകിയാൽ ബിൽ പ്രാബല്യത്തിൽ വരും. 2018ലും സമാന ബിൽ സെനറ്റിന്റെ പരിഗണനക്ക് വന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.അതേസമയം, വ്യാഴാഴ്ച രാത്രി മുഴുവൻ ബിൽ അനുകൂലികൾ പച്ച മുഖംമൂടി ധരിച്ച് പാർലമെന്റിന്റെ പ്രഖ്യാപനത്തിനായി തെരുവിൽ ഒത്തുകൂടിയിരുന്നു. അതേസമയം, ബില്ലിനെ എതിർക്കുന്നവർ ഇളംനീല നിറമുള്ള തട്ടം തലയിൽ അണിഞ്ഞാണ് നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീന ഫ്രാൻസിസ് മാർപാപ്പയുടെ ജന്മസ്ഥലം കൂടിയാണ്.
ഇത് കൊണ്ട് തന്നെ ബില്ലിന് രാഷ്ട്രീയപരമായും മതപരമായും ഏറെ പ്രാധാന്യമുണ്ട്. അർജന്റീനയിൽ ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വരുന്നതോടെ റോമൻ കത്തോലിക്കാ മേഖലയിലെ മറ്റു നിരവധി രാജ്യങ്ങൾ സ്ത്രീകൾക്ക് കൂടുതൽ പ്രത്യുൽപാദന അവകാശങ്ങൾ നൽകാൻ മുന്നോട്ടുവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.