
ഭുവനേശ്വർ: നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചു നീക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വ്യത്യസ്ത മാർഗം സ്വീകരിച്ച് ഒഡിഷയിലെ ഒരു കലാകാരൻ. മയൂർഭഞ്ജിലെ സിമിലിപാൽ ദേശീയോദ്യാനത്തിലെ വൃക്ഷത്തിന് മുകളിൽ നരേന്ദ്രമോദിയുടെ മുഖം കൊത്തിവച്ചാണ് സമരേന്ദ്ര ബെഹറ എന്നയാൾ വിഷയത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചത്.
മയൂർഭഞ്ജിലെ ഒരു എളിയ കലാകാരനായ തനിക്ക് പ്രധാനമന്ത്രിയെ ഒരിക്കലും നേരിട്ട് കാണാൻ സാധിക്കില്ലെന്നറിയാമെങ്കിലും നിയമവിരുദ്ധമായി നടക്കുന്ന വനനശീകരണത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ നേടാനാണ് അദ്ദേഹത്തിന്റെ ഛായാചിത്രം തയ്യാറാക്കിയതെന്ന് സമരേന്ദ്ര ബെഹറ പറഞ്ഞു.
രാജ്യത്തിന്റെ വികസനവും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രി കൈക്കൊണ്ട നടപടികളിൽ അദ്ദേഹത്തോട് അതിയായ കൃതജ്ഞതയുണ്ടെന്നും അതിനാലാണ് ഇത്തരത്തിലൊരു ഛായാചിത്രം കൊത്തിയെടുത്തതെന്നും, കൂടാതെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ജനങ്ങൾക്ക് സന്ദേശമെത്തിക്കണമെന്ന ലക്ഷ്യമുണ്ടെന്നും സമരേന്ദ്ര കൂട്ടിച്ചേർത്തു. മോദിയുടെ ചിത്രം കൂടാതെ നിരവധി ഛായാചിത്രങ്ങൾ ഈ യുവാവ് തയ്യാറാക്കിയിട്ടുണ്ട്. പരിസ്ഥിതി വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കാനുള്ള സന്ദേശങ്ങളാണ് സമരേന്ദ്ര ചിത്രങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നത്.