
ടെഹ്‌റാന്‍: മേക്കപ്പും ഫോട്ടോഷൂട്ടും ഉപയോഗിച്ച് ആഞ്ചലീന ജോളിയുടെ പ്രേതമാകാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയായ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ ജയില്‍ശിക്ഷ. സോംബി ആഞ്ചലീന ജോളി എന്ന പേരില്‍ പ്രശസ്തയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവെന്‍സര്‍ സഹര്‍ തബാറിനെ ഇറാന്‍ ഭരണകൂടം 10 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചെന്ന് റിപ്പോര്‍ട്ട്.
ഹോളിവുഡ് താരം ആഞ്ചലീന ജോളിയുടെ സോംബി അവതാരം എന്നു തോന്നിക്കത്തക്ക തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ടെഹ്‌റാന്‍ സ്വദേശി സഹര്‍ തബാറിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. ഫാത്തിമ ഖിഷ്വന്ദ് എന്നാണ് യുവതിയുടെ യഥാര്‍ഥ പേര്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വിചിത്രരൂപത്തിലുള്ള ഫോട്ടോകള്‍ എഡിറ്റിംഗിന്റെ അകമ്പടിയോടെ പോസ്റ്റ് ചെയ്ത ഫാത്തിമയുടെ നടപടികൾ പലരും തമാശയോടെയാണ് കണ്ടതെങ്കിലും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് അവര്‍ ഇറാനില്‍ അറസ്റ്റിലാകുകയായിരുന്നു. സഹറിനു പുറമെ മറ്റു മൂന്ന് വനിതാ ഇന്‍ഫ്ലൂവെന്‍സര്‍മാരും അറസ്റ്റിലായി.
സഹറിനെ 10 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ച വിവരം ഇവരുടെ അഭിഭാഷകനും സ്ഥിരീകരിച്ചിട്ടുണ്ട്. കടുത്ത സ്ത്രീവിരുദ്ധവും യാഥാസ്ഥിതികവുമായ നടപടികള്‍ മൂലം ഇറാനിയന്‍ ഭരണകൂടത്തിന്റെ നടപടികള്‍ പലപ്പോളും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. തല മറയ്ക്കാതെ പൊതുനിരത്തില്‍ ഇറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ രാജ്യത്ത് ശിക്ഷാനടപടികള്‍ക്ക് ഇരയാകാറുണ്ട്.
അതേസമയം, താന്‍ തമാശയ്ക്കാണ് ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നായിരുന്നു മുന്‍പ് സഹര്‍ വിശദീകരിച്ചിരുന്നത്. ഇറാനില്‍ അനുവദനീയമായ ഒരേയൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമാണ് സഹറിന്റെ വേദി. 4.86,000 ഫോളോവേഴ്‌സാണ് സഹറിന്റെ അക്കൗണ്ടിന് ഉണ്ടായിരുന്നത്. മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കല്‍, തെറ്റായ രീതിയിലൂടെ പണസമ്പാദനം, യുവാക്കളെ തിന്മയ്ക്ക് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് സഹറിനെതിരെ ചുമത്തിയിരിക്കുന്നത്.
ആദ്യകാലത്ത് പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളില്‍ നിന്നും സഹറിന്റെ മൂക്കിനും ചുണ്ടിനും പുരികങ്ങള്‍ക്കും വലിയ രൂപമാറ്റമുണ്ട്. എന്നാല്‍ ആഞ്ചലീന ജോളിയുടെ രൂപം സ്വീകരിക്കാനായി 50ഓളം കോസ്‌മെറ്റിക് സര്‍ജറികള്‍ക്ക് സഹര്‍ വിധേയയായെന്ന ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ചുണ്ടുകള്‍ക്കും മൂക്കിനും ഇവര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നുതായി പില്‍ക്കാലത്ത് സ്ഥിരീകരിച്ചിരുന്നു. പ്രധാനമായും താന്‍ മേക്കപ്പും ഫോട്ടോ എഡിറ്റിംഗുമാണ് ഉപയോഗിക്കുന്നതെന്നാണ് സഹര്‍ പറയുന്നത്.