pinarayi

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള‌ള ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സർക്കാർ ശ്രമം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷണത്തിൽ ഒരു മുൻവിധിയുമില്ലെന്നും തെ‌റ്റ് ചെയ്‌തവരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേസിലെ പ്രതികൾ മജിസ്‌ട്രേ‌റ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴി ചില നേതാക്കൾ വാർത്താ സമ്മേളനം നടത്തി പറയുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന് വരെ ഈ നേതാക്കൾ പറയുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി അട്ടിമറി ശ്രമം നടത്തുകയാണ്. കേന്ദ്ര ഏജൻസികളെ കേരളത്തിൽ മേയാൻ അനുവദിക്കില്ല.

അന്വേഷണ ഏജൻസികളെ മുൻവിധിയില്ലാതെയാണ് കേരളം സ്വീകരിച്ചത്. എന്നാൽ മുന്നോട്ട് നീങ്ങിയ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയാൻ വലിയ വിശകലനം ആവശ്യമാണെന്ന് തോന്നുന്നില്ലെന്നും കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സി.എം രവീന്ദ്രനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും എന്ത് തെളിവാണ് രവീന്ദ്രനെതിരെയുള‌ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. ആർ.എം.പി കെട്ടിച്ചമച്ചതാണ് ഈ ആരോപണങ്ങൾ. തിരഞ്ഞെടുപ്പിൽ താൻ പ്രചാരണത്തിനില്ല എന്ന ആരോപണം ശരിയല്ല. ജനങ്ങളിൽ നിന്നും താൻ അകന്നിട്ടില്ല. തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുകയല്ല കേന്ദ്ര ഏജൻസികളുടെ പണിയെന്നും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.നാല് വർഷമായി അഴിമതിയുടെ ഒരു കറുത്ത പാട് പോലും ഇടത് സർക്കാരിനെതിരെ ആരോപിക്കാനില്ലെന്നും രാജ്യത്ത് സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസത്തക്ക് ചേരാത്ത കാര്യങ്ങളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.