gold

ചെന്നൈ: റെയ്ഡ് നടത്തി സി.ബി.ഐ പിടിച്ചെടുത്ത 45 കോടിരൂപ വിലമതിക്കുന്ന 103 കിലോ സ്വർണം കാണാതായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സംഭവം തമിഴ്നാട് പൊലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് സി.ബി.ഐക്ക് തിരിച്ചടിയായി.

സംഭവം തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നത് സി.ബി.ഐയുടെ അന്തസിന് കോട്ടം വരുത്തുമെന്ന് വാദിച്ച സി.ബി.ഐ അഭിഭാഷകനെ കോടതി രൂക്ഷമായി വിമർശിച്ചു.

സി.ബി.ഐക്ക് മാത്രമായി പ്രത്യേക കൊമ്പുകളുണ്ടോയെന്നും പൊലീസിന് വാൽ മാത്രമാണോ ഉള്ളതെന്നും കോടതി ചോദിച്ചു.

'ഇത് സി.ബി.ഐയെ സംബന്ധിച്ചിടത്തോളം ഒരു അഗ്നിപരീക്ഷ ആയിരിക്കാം. അവരുടെ കൈകൾ സീതയെപ്പോലെ ശുദ്ധമാണെങ്കിൽ, അവർ കൂടുതൽ തിളക്കത്തോടെ പുറത്തുവരും. ഇല്ലെങ്കിൽ, ഗുരുതരപ്രത്യാഘാതം നേരിടേണ്ടി വരും.'– കോടതി വ്യക്തമാക്കി.

സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന ചെന്നൈയിലെ സുരാന കോർപറേഷൻ ലിമിറ്റഡിന് മിനറൽസ് ആൻഡ് മെറ്റൽസ് ട്രേഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിലെ (എം.എം.ടി.സി) ചില ഉദ്യോഗസ്ഥർ ഒത്താശ നൽകുന്നുവെന്ന ആരോപണത്തെ തുടർന്ന് 2012 ൽ സുരാന കോർപറേഷന്റെ ഓഫിസിൽ റെയ്ഡ് നടത്തിയപ്പോൾ 400.5 കിലോഗ്രാം സ്വർണം സി.ബി.ഐ പിടിച്ചെടുത്തിരുന്നു.

ഇതിൽ നിന്നാണ് 103 കിലോഗ്രാം കാണാതായത്. പിടിച്ചെടുത്ത സ്വർണം സ്ഥാപനത്തിന്റെ ലോക്കറിൽ വച്ച് പൂട്ടി താക്കോൽ ചെന്നൈയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ സമർപ്പിച്ചെന്നുമാണ് സി.ബി.ഐയുടെ അവകാശവാദം.

എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ ലോക്കർ തുറന്നപ്പോൾ, 103.864 കിലോഗ്രാം സ്വർണം കുറവാണെന്ന് കണ്ടെത്തി. അളവുയന്ത്രത്തിലെ മാറ്റമാണ് ഇതിനു കാരണമെന്നാണ് സി.ബി.ഐയുടെ വാദം. ഈ വാദങ്ങൾ നിരസിച്ച കോടതി, 100 കിലോയിൽ കൂടുതൽ വ്യത്യാസമുണ്ടാകുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ കഴിയില്ലെന്നും സ്വർണം കഞ്ചാവിനെപ്പോലെ ഭാരം കുറയുകയില്ലെന്നും പറഞ്ഞു.