ua-khader

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദർ അന്തരിച്ചു. കോഴിക്കോട് വച്ച് ഇന്ന് വൈകിട്ട് 5.30 മണിയോടെയായിരുന്നു അന്ത്യം. 85 വയസായിരുന്നു. ശ്വാസകോശ അർബുദ രോഗം ബാധിച്ച അദ്ദേഹം ഏതാനും നാളുകളായി കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു.

മലയാള സാഹിത്യ രംഗത്തിന് മികച്ച കൃതികൾ സംഭാവന നൽകിയ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയ ആളാണ്. 'തൃക്കോട്ടൂർ പെരുമ', 'അഘോരശിവം' എന്നീ കൃതികളാണ് പുരസ്‌കാരങ്ങൾക്ക് അർഹമായത്.

ഇവയുൾപ്പടെ എഴുപതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അവസാനമായി പുറത്തിറങ്ങിയ രചന 2011 ല്‍ പ്രസിദ്ധീകരിച്ച 'ശത്രു' എന്ന നോവലാണ്. എസ്.കെ പൊറ്റക്കാട് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, വി.ടി സ്മാരക പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1935ൽ മ്യാൻമാറിലെ ബിലിനിലാണ് യു.എ ഖാദറിന്റെ ജനനം. കൊയിലാണ്ടി സ്വദേശിയായ മൊയിതൂട്ടി ഹാജിയുടെയും ബര്‍മ്മീസ്‌കാരിയായ മാമൈദിന്റെയും മകനായിരുന്നു അദ്ദേഹം. കൊയിലാണ്ടി ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് ആര്‍ട്‌സ് കോളേജില്‍ നിന്ന് ചിത്രരചനയില്‍ ബിരുദം നേടി.

കോഴിക്കോട് ആകാശവാണിയിലുംസംസ്ഥാന ആരോഗ്യ വകുപ്പിലും സേവനമനുഷ്ഠിച്ച അദ്ദേഹം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം, കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഭരണ സമിതികളിലെ ഉപാദ്ധ്യക്ഷന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവര്‍ണിംഗ് ബോഡി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.