pulwama-attack

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ ഏഴ് ഭീകരരുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ പാകിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെടാൻ ഇന്ത്യ തീരുമാനിച്ചു. കഴിഞ്ഞ വർഷം സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.

ഇവരിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാലു പേരും ആക്രമണം നടത്താൻ ഇന്ത്യയിലെത്തിയ മൂന്ന് പാകിസ്ഥാനികളും ഉൾപ്പെടുന്നു.

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൗലാന മസൂദ് അസ്ഹർ, സഹോദരന്മാരായ അബ്ദുൾ റൗഫ് അസ്ഗർ, ഇബ്രാഹിം അഥർ, ബന്ധു അമർ അൽവി എന്നിവർക്കൊപ്പം പുൽവാമ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഥറിന്റെ മകൻ ഉമർ ഫറൂഖ്, കമ്രാൻ, കാശ്‌മീരിൽ ഒളിവിലുണ്ടെന്ന് കരുതുന്ന ഇസ്മയിലിന്റെയും വിവരങ്ങൾ തേടിയാണ് ദേശീയ അന്വേഷണ ഏജൻസി ജുഡിഷ്യൽ അഭ്യർത്ഥന തയ്യാറാക്കിയിരിക്കുന്നത്.

മസൂദ് അസ്ഹർ, അബ്ദുൾ റൗഫ് അസ്ഗർ, ഇബ്രാഹിം അഥർ, അമർ അൽവി എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾക്ക് പുമേ ഇവരുടെ വാട്‌സാപ്പ് ചാറ്റുകൾ, വോയ്സ് ഫയലുകൾ എന്നിവയുൾപ്പെടെ ആശയവിനിമയത്തിന്റെ വിശദാംശങ്ങളും ഇന്ത്യ തേടും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്താൽ ജുഡിഷ്യൽ അഭ്യർത്ഥന പാകിസ്ഥാനിലേക്ക് അയയ്ക്കാൻ കോടതിയിൽനിന്ന് അനുമതി തേടും. പുൽവാമ ആക്രമണത്തിന്റെ അന്വേഷണത്തിൽ പാകിസ്ഥാന്റെ സഹകരണം തേടി ഇത്തരം ജുഡിഷ്യൽ അഭ്യർത്ഥന അയയ്ക്കുന്നത് ഇതാദ്യമാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.