
കൊച്ചി: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർലയുടെ കൊച്ചി പാർക്കിലേക്ക് മുൻനിര കൊവിഡ് പോരാളികൾക്കും കുടുംബത്തിനും സൗജന്യ പ്രവേശനം നൽകുന്നു. കൊവിഡ് പോരാളികൾക്ക് നന്ദിയർപ്പിക്കുന്ന വാരിയേഴ്സ് വീക്കിന്റെ ഭാഗമായി ഡിസംബർ 20 മുതൽ 23 വരെ 10,000 പേർക്കാണ് ലാൻഡ് റൈഡുകളിലേക്കുള്ള പ്രവേശനം. ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഇതോടൊപ്പമുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന 2,500 പേർക്കാണ് ഓരോ ദിവസവും പ്രവേശനം. ഡോക്‌ടർമാർ, നഴ്‌സുമാർ, അറ്റൻഡർമാർ, ആംബുലൻസ് ഡ്രൈവർമാർ, ക്ളീനിംഗ് തൊഴിലാളികൾ, പൊലീസുകാർ, ബാങ്ക് ജീവനക്കാർ, ഡെലിവറി എക്‌സിക്യൂട്ടീവുകൾ, അദ്ധ്യാപകർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് സൗജന്യ പ്രവേശനം.