vaccine

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്നും ആരിൽ നിന്നും പണം വാങ്ങുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നതിനായുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് രോഗകാരണമായോ എന്ന് അറിയാന്‍ ഇനിയും ദിവസങ്ങള്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മരണസംഖ്യ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം അറുപത്തിനായിരത്തിനു താഴെയാണെന്നതും രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ടെന്നുള്ളതും ആശ്വാസം നൽകുന്ന വസ്തുതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പത്തില്‍ താഴെ വന്നു. തദ്ദേശ തെരഞ്ഞെടുപ്പ് രോഗ വ്യാപനം ഉണ്ടാക്കിയില്ലെങ്കില്‍ ഈ ട്രെന്റ് തുടരും. അത് നമ്മുടെ ജാഗ്രതയുടെ കൂടി ഫലമാണ്. എല്ലാവരും അതിവ ജാഗ്രതയോടെ ഇടപെടണം. അദ്ദേഹം വിശദീകരിച്ചു.കൊവിഡാനന്തര അവസ്ഥയെ കുറിച്ച് ജാഗ്രത വേണ്ടതാണെന്നും രോഗ ബാധക്ക് ശേഷം മൂന്നാഴ്ചയോളം ശാരീരിക അവശത തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിന് ശേഷവും അനാരോഗ്യം ഉണ്ടെങ്കില്‍ അത് ഗൗരവമായി എടുക്കണം. മൂന്ന് മാസത്തിലേറെ നീണ്ടു നില്‍ക്കുന്നെങ്കില്‍ അത് ക്രോണിക്ക് കൊവിഡ് സിന്‍ഡ്രോം ആണ്. കൊവിഡാനന്തര അവസ്ഥ അനുഭവിക്കുന്നവര്‍ മതിയായ വിശ്രമവും ചികിത്സയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.