trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാല് സ്റ്റേറ്റുകളിലെ 62 ഇലക്ടറൽ വോട്ടുകൾ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സാസ് അറ്റോണി ജനറൽ നൽകിയ ഹർജി യു.എസ് സുപ്രീം കോടതി തള്ളി. ജോർജിയ, മിഷിഗൺ, പെൻസിൽവേനിയ, വിസ്കോൻസിൻ എന്നിവിടങ്ങളിലെ 62 ഇലക്ടറൽ വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കൂടി കക്ഷി ചേർന്ന കേസാണിത്.

ടെക്സാസിലെ റിപ്പബ്ലിക്കൻ അറ്റോണി ജനറലും ട്രംപിന്റെ അടുത്ത അനുയായിയുമായ കെൻ പാക്സ്റ്റനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി തള്ളുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് പ്രസിഡന്റ് ട്രംപ് കേസിൽ കക്ഷി ചേർന്നത്. എന്നാൽ വോട്ട് അസാധുവാക്കണമെന്ന് ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

ഇതോടെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കാൻ ട്രംപിന് മുൻപിലുള്ള നിയമസാദ്ധ്യതകൾ ഏറെക്കുറെ അടഞ്ഞു. കഴിഞ്ഞ ഒരു മാസത്തിലേറെയായി തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ട്രംപ് നൽകിയ ഹർജികളെല്ലാം ഫെഡറൽ, സ്റ്റേറ്റ് കോടതികൾ തള്ളിയിരുന്നു.

50 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്ട് ഒഫ് കൊളംബിയയിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി കഴിഞ്ഞദിവസം ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി നൽകിയിരുന്നു. വെസ്റ്റ് വെർജീനിയയിലെ വോട്ടെണ്ണലാണ് ഒടുവിൽ പൂർത്തിയാക്കിയത്. ജോ ബൈഡന് 306, ഡോണൾഡ് ട്രംപിന് 232 എന്നിങ്ങനെ ഇലക്ടറൽ വോട്ട് നിലയിൽ മാറ്റമില്ല.

അതേസമയം,​തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ ഇലക്ടറൽ കോളജ് അംഗങ്ങളുടെ വോട്ട് രേഖപ്പെടുത്തൽ നാളെ നടക്കും. 2020 ജനുവരി ആറിന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാകും വോട്ടെണ്ണലും ഔദ്യോഗിക ഫലപ്രഖ്യാപനവും. ജനുവരി 20ന് ആണ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്.