
മെക്‌സികോ: നഗരത്തിന്റെ ഒത്ത നടുക്ക് ആരെയും ഞെട്ടിച്ചേക്കാവുന്ന ഒരു 'പ്രേതാലയം.' 15-ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന കോട്ടയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കോട്ടയുടെ മതിലുകള്‍ പരിശോധിച്ച ഗവേഷകര്‍ ഒന്നു നടുങ്ങി. നിരവധി തലയോട്ടികള്‍കൊണ്ടാണ് ഗോപുരത്തിന്റെ മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുരാതന മെക്‌സിക്കോയിലെ ആചാരത്തിന്റെ അവശിഷ്ടം, അല്ലെങ്കില്‍ യുദ്ധ തടവുകാരുടെ തലകള്‍, ഇവയിലേതെങ്കിലുമാകും ഗോപുര നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഗവേഷകരുടെ നിഗമനം.
വിചിത്ര ആചാരത്തിന്റെ ശേഷിപ്പ്
മെക്‌സികോയുടെ നഗരമദ്ധ്യത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള 'തലയോട്ടി ഗോപുരം' കണ്ടെത്തിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 119 പേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കോട്ടയുടെ ചുവരില്‍ കണ്ടെത്തിയത്. കോട്ടയുടെ വടക്കു കിഴക്കന്‍ ഭാഗം കണ്ടെത്തി അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോട്ടയില്‍ വിചിത്ര ആചാരത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. പുരാതനകാലത്തെ ആചാരങ്ങളുടെ ശേഷിപ്പാണ് ഇതെന്നാണ് ഗവേഷകര്‍ കരുതുന്നത്.
എതിരാളികളുടെ തല
യുദ്ധത്തില്‍ പിടിക്കപ്പെട്ട എതിരാളികളുടെ തലയോടുകളാണ് ഇവയെന്നാണ് പുരാവസ്തു ഗവേഷകര്‍ കരുതുന്നത്. 1521-ല്‍ നടന്ന ആസെക്ട് അധിനിവേശത്തിനു ശേഷം എതിരാളികള്‍ക്കുള്ള മുന്നറിയിപ്പെന്നോണം നിര്‍മ്മിച്ചതാകാം ഈ തലയോട്ടി ഗോപുരം എന്നാണ് ഗവേഷകര്‍ പറയുന്നത്. അതുമല്ലെങ്കില്‍, ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന് അര്‍പ്പിച്ച യാഗങ്ങളില്‍ കൊല്ലപ്പെട്ടവരുടെ അവശിഷ്ടമാകാം ഇവയെന്ന് നാഷണല്‍ ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
600 തലയോട്ടികള്‍
'ഇവരില്‍ എത്രപേര്‍ യോദ്ധാക്കളായിരുന്നുവെന്ന് കണ്ടെത്താന്‍ സാധിക്കില്ല. ചിലരെ ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന് ബലികഴിച്ചതാകാം.' പുരാവസ്തു ഗവേഷകന്‍ ബാരെറ റോഡ്രിഗസ് പറഞ്ഞു. 4.7 മീറ്റര്‍ വ്യാസമുള്ള ഈ ഗോപുരം പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിര്‍മ്മിച്ചതാകാമെന്നാണ് നിഗമനം. മെക്‌സിക്കോയുടെ ചരിത്ര പ്രദേശമായ ടെംപ്ലോ മേയര്‍ പ്രദേശത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. നിലവില്‍ ആകെ 600 തലയോട്ടികളാണ് പ്രദേശത്തു നിന്നും കണ്ടെത്തിയിരിക്കുന്നത്. അടുത്ത വര്‍ഷങ്ങളിലൊന്നും ഇത്തരത്തിലൊരു കണ്ടെത്തല്‍ മെക്‌സിക്കോയില്‍ നടന്നിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.