
മലയാള സാഹിത്യത്തിൽ ഗ്രാമ്യമെന്നോ കീഴാളമെന്നോ പറയാവുന്ന ഒരു നിശബ്ദ വിപ്ളവം നടത്തിയ എഴുത്തുകാരനാണ് യു.എ. ഖാദർ. ഒരു അവകാശവാദവും ഉയർത്താതെ, താൻ എന്താണ് ചെയ്യുന്നതെന്ന ബോദ്ധ്യം പോലുമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ സർഗജീവിതം.
യു.എ. ഖാദർ തൃക്കോട്ടൂരിലെ പുരാവൃത്തങ്ങൾ എഴുതുന്ന കാലത്ത് ആധുനിക കലയുടെ വരേണ്യനിലപാടുകൾ ആയിരുന്നല്ലോ രംഗം വാണിരുന്നത്. എന്നിട്ടും ലെവി സ്ട്രോസോ മറ്റു ഘടനാവാദക്കാരോ അകത്തുകയറി കൂടാതെ നാട്ടാരുടെ തെളി പ്രജ്ഞയാൽ ദേശവൃത്താന്തം രേഖപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. പൊതുവിജ്ഞാനം കൊണ്ടുള്ള യാതൊരു ജാലവിദ്യയും നടത്താതെയാണ് തട്ടാൻ ഇട്ട്യേമ്പിയും കോമരം ഉണ്ണിപ്പരമനും അടങ്ങുന്ന തൃക്കോട്ടൂരുകാരിൽ ഒരുവനായി അദ്ദേഹം ദേശകഥകൾ വർണിച്ചത്.
" കാലമേറെ കഴിഞ്ഞാറെ.. യു.എ. ഖാദറും ഏറ്റുവിളിക്കുന്നു ഒാലച്ചൂട്ട് തറയോ നട വരോളിക്കാവിലമ്മേ ഒായി നട... നാടോടിനട "
തുടങ്ങി കഥകളിൽ പ്രത്യക്ഷപ്പെടുന്ന വായ്‌ത്താരി ഒാർക്കുക. ഞങ്ങളെ കുറിച്ച് പറയാനുള്ളത് ഞങ്ങൾ പറയട്ടേ. എന്ന ദേശ സ്വത്വത്തിന്റെ കലർപ്പില്ലാത്ത തോറ്റങ്ങളാണ് ഖാദർ സാഹിത്യമെന്നു പറയാം. സവിശേഷമായ ഒരു ജീവചരിത്രമായിരുന്നു യു.എ ഖാദറിന്റേത്. മലബാറുകാരനായ മുസ്ളീമിന് ബർമ്മക്കാരിയിൽ പിറന്ന മകനായിരുന്നു അദ്ദേഹം. ബർമ്മയിൽ ജനിച്ച് ഉമ്മയുടെ മരണശേഷം ഉപ്പയോടൊപ്പം നാട്ടിൽ വന്ന് കൂടിയതാണ്. ഇൗ അർദ്ധ വിദേശബന്ധം ഉണ്ടായിട്ടും മലബാറിലെ ഗ്രാമീണത്തനിമയോട് അദ്ദേഹം ഇഴുകിചേർന്നു. നാടിന്റെ മണ്ണിന്റെ മണമുള്ള കഥകൾ ഐതിഹാസികമായി രചിച്ചു. എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും കൂടെ നിന്നു. സഹപ്രവർത്തകരായ എഴുത്തുകാർക്കും കലാകാരന്മാർക്കും നിർലോഭം സ്നേഹ സഹകരണങ്ങൾ നൽകി.
യു.എ. ഖാദറിന്റെ വരോളിക്കാവിലെ ഒാലച്ചൂട്ട് തറ എന്ന നീണ്ടകഥ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ പുതിയ അർത്ഥമാനങ്ങളോടെ പ്രത്യക്ഷപ്പെടുന്നതാണ്. വരോളിക്കാവിലെ ഏതോ കളിയാട്ടനാളിൽ വന്നുകൂടിയ അപരിചിതൻ ഒഴിഞ്ഞുപോകാതെ തീവണ്ടി ഒാഫീസിലെ ബഞ്ചിൽ ചടഞ്ഞിരിക്കുന്നതാണ് കഥാതന്തു. മീനക്കളിയാട്ടത്തിനു കൊടിയേറിയാൽ ഉത്സവം കഴിയും വരെ നാട്ടിൽ പുതുതായി ആരെ കണ്ടാലും ഉൗരും പേരും ചോദിക്കാൻ പാടില്ല എന്നാണ് ഭഗവതിയുടെ നിയമം. അതുകൊണ്ട് നീ ഏതാ, എവിടെ നിന്നു വരുന്നു തുടങ്ങിയ ചോദ്യങ്ങൾ ആർക്കും അവനോട് ചോദിക്കാൻ വയ്യാതായി. അങ്ങനെ ചോദിച്ചാൽ ചോദിക്കുന്നവന്റെ നാവ് ഭഗവതി പിഴുതുകളയുമെന്നാണ് വിശ്വാസം. കളിയാട്ടം കാണാൻ വന്നവന്റെ സ്വാതന്ത്ര്യത്തിൽ ഇടപെട്ടാൽ ശിക്ഷ കഠിനമായിരിക്കുമെന്നർത്ഥം. ആളുകളുടെ സ്വകാര്യതയെ ഭഞ്ജിക്കുക, അവരിൽ നിരീക്ഷണം നടത്തുക, മുതലായ പുതിയ കാലത്തിന്റെ നിയന്ത്രണങ്ങൾക്ക് എതിരെയുള്ള ഒരു കലഹം ഇൗ കഥയിൽ വായിച്ചെടുക്കാം.
യു.എ. ഖാദറുമായി സാഹിത്യജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരു ജ്യേഷ്ഠസഹോദരനുമായുള്ള ബന്ധം പുലർത്താൻ എനിക്ക് സൗഭാഗ്യമുണ്ടായി. പലതവണ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് ഗംഭീരൻ മലബാർ മുസ്ളീം സൽക്കാരം സ്വീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന് ഏതോ അംഗീകാരം ലഭിച്ചപ്പോൾ പുരാവൃത്തത്തിന്റെ ഓലച്ചൂട്ടുകൾ എന്ന പേരിൽ ഞാൻ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അത് അദ്ദേഹത്തിന് വളരെ ഇഷ്ടമാവുകയും അദ്ദേഹത്തെ കുറിച്ചിറക്കിയ ഒരു പുസ്തകത്തിൽ ഉപയോഗിക്കുകയും ചെയ്തിരുന്നു. വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിച്ച ,പുരോഗമന വഴിയിലെ സ്നേഹനിധിയായ ഒരു എഴുത്തുകാരനെയാണ് യു.എ. ഖാദറിന്റെ തിരോധാനത്തോടെ മലയാള ഭാഷയ്ക്ക് നഷ്ടപ്പെട്ടത്.