apple-plant-

ബംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിൽ ശമ്പളം നൽകിയില്ലെന്ന് ആരോപിച്ച് ഐഫോൺ നിർമാണ പ്ലാന്റ് അടിച്ചു തകർത്ത് ജീവനക്കാർ. തായ്‌വാൻ കമ്പനിയായ വിസ്ട്രോണിന്റെ പ്ലാന്റാണ് ജീവനക്കാർ അടിച്ചു തകർത്തത്. ഏറെ നാളായി ശമ്പളം നൽകുന്നില്ലെന്നും അമിതമായി ജോലി ചെയ്യിക്കുന്നതായും ജീവനക്കാർ പറഞ്ഞു.

രാവിലെ ജോലി കഴിഞ്ഞിറങ്ങിയ രണ്ടായിരത്തോളം ജീവനക്കാർ സംഘടിച്ചാണ് പ്ലാന്റിന് നേരെ കല്ലെറിഞ്ഞത്. കമ്പനിയുടെ രണ്ട് വാഹനങ്ങൾക്ക് തീകൊളുത്തുകയും ചെയ്‌തു.അക്രമം രൂക്ഷമായതോടെ പൊലീസെത്തി ലാത്തിച്ചാർ‌ജ് നടത്തിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും ഇത് പ്രകാരം ജീവനക്കാർക്കെതിരെ
കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ മാനേജ്‌മെന്റിന് നിവേദനം നൽകിയിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. നിയമപ്രകാരം ജോലി സമയം പ്രതിദിനം 8 മണിക്കൂർ ആണെന്നും എന്നാൽ കമ്പനി തങ്ങളെ 12 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കുന്നുവെന്നും ജീവനക്കാർ ആരോപിച്ചു.

ആപ്പിൾ ഐഫോൺ എസ്ഇ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് ഉൽപ്പന്നങ്ങൾ, ബയോടെക് ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന പ്ലാന്റാണ് വിസ്ട്രോണിന്റേത്.2,900 കോടി രൂപ നിക്ഷേപിക്കുമെന്നും പതിനായിരത്തിലധികം പേർക്ക് തൊഴിൽ നൽകുമെന്നും ഉറപ്പ് നൽകിയതിനെത്തുടർന്നാണ് നരസപുര വ്യവസായ മേഖലയിൽ 43 ഏക്കർ വിസ്ട്രോണിനായി സർക്കാർ അനുവദിച്ചത്.