
ന്യൂഡൽഹി: ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാർക്കായി ടാറ്റാ മോട്ടോഴ്‌സ് സ്വയം വിരമിക്കൽ (വി.ആർ.എസ്) പദ്ധതി നടപ്പാക്കുന്നു. നിലവിൽ 42,500 ജീവനക്കാർ കമ്പനിയിലുണ്ടെന്നാണ് കണക്ക്. ഇതിൽ, പാതിയോളം പേർ വി.ആർ.എസിന് യോഗ്യരാണ്.
ഇൻഡസ്‌ട്രിയിലെ ഏറ്റവും മികച്ച വി.ആർ.എസ് സ്‌കീമാണ് നടപ്പാക്കുന്നതെന്നും തിരഞ്ഞെടുക്കുന്നവർക്ക് ആരോഗ്യ ഇൻഷ്വറൻസിന് പുറമേ ഭാവിയിലെ ധനകാര്യ, റിട്ടയർമെന്റ് പ്ളാനുകൾക്കുള്ള മാർഗനിർദേശങ്ങളും ലഭ്യമാക്കുമെന്നും ടാറ്റാ മോട്ടോഴ്‌സിന്റെ എച്ച്.ആർ വിഭാഗം വ്യക്തമാക്കി. ജനുവരി ഒമ്പതുവരെയാണ് വി.ആർ.എസിനായി അപേക്ഷിക്കാനുള്ള സമയം.
ജീവനക്കാരന്റെ പ്രായവും സേവനകാലാവധിയും കണക്കാക്കിയാകും നഷ്‌ടപരിഹാരം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മൂന്നാംവട്ടമാണ് ടാറ്റ വി.ആർ.എസ് പദ്ധതി പ്രഖ്യാപിക്കുന്നത്. 2015ലും 2017ലും പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ചുരുക്കം ജീവനക്കാർ മാത്രമാണ് വി.ആർ.എസ് സ്വീകരിച്ചത്. ജീവനക്കാർക്കായി താരതമ്യേന കൂടുതൽ തുക ചെലവിടുന്ന സ്ഥാപനമാണ് ടാറ്റാ മോട്ടോഴ്‌സ്. 8-10 ശതമാനമാണ് ടാറ്റയുടെ ചെലവ്. മാരുതി സുസുക്കിക്ക് ഇത് 2-3 ശതമാനം മാത്രമാണ്. വാഹന വിപണിയിലെ മാന്ദ്യം മൂലം, ചെലവുചുരുക്കി വരുമാനം മെച്ചപ്പെടുത്താനായി 2019 മുതൽ ഒട്ടേറെ കമ്പനികൾ വി.ആർ.എസ് സ്കീം പ്രഖ്യാപിക്കുന്നുണ്ട്. അശോക് ലെയ്‌ലാൻഡ്, ടൊയോട്ട കിർലോസ്കർ, ഹീറോമോട്ടോകോർപ്പ് എന്നിവ നേരത്തേ വി.ആർ.എസ് പ്രഖ്യാപിച്ചിരുന്നു.