hina-nagarajan



ന്യൂഡല്‍ഹി: വിജയ് മല്യ ഉള്‍പ്പെടെയുള്ളവര്‍ പതിറ്റാണ്ടുകള്‍ അടക്കി ഭരിച്ച ഇന്ത്യയിലെ മദ്യ വ്യവസായ രംഗത്ത് കരുത്തു തെളിയിക്കാന്‍ ആദ്യമായി ഒരു വനിത എത്തുന്നു. ആന്റിക്വിറ്റി, റോയല്‍ ചാലഞ്ച്, സിഗ്‌നേച്ചര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉത്പാദിപ്പിക്കുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് കമ്പനിയുടെ തലപ്പത്താണ് ആദ്യമായി ഒരു വനിത എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ കമ്പനി മാത്രമല്ല, ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനി കൂടിയായ യു എസ് എല്ലിന്റെ സി ഇ ഒ ആയി ഹിന നാഗരാജന്‍ ആണ് സ്ഥാനമേറ്റത്.

ജോണി വാക്കറും ടാലിസ്‌ക്കറും ഒക്കെ ഉത്പാദിപ്പിക്കുന്ന ഡിയാഗോ ആഫ്രിക്കയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു കുറച്ചു നാള്‍ ഹിന. കോസ്‌മെറ്റിക്സ് ബിസിനസ്സിന്റെ തലപ്പത്ത് നിന്നാണ് വ്യത്യസ്തമായ മദ്യ വ്യവസായ രംഗത്ത് ഹിന എത്തുന്നത്. ഇപ്പോള്‍ 28,500 കോടി രൂപയില്‍ അധികം വിറ്റുവരവുള്ള സ്ഥാപനത്തെ ആത്മവിശ്വാസത്തോടെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജൂലായോടെ ആയിരിക്കും എം ഡിയും സി ഇ ഒയും ആയി നിയമനം എന്നാണ് സൂചന.

ആദ്യമായി ആണ് യുനൈറ്റഡ് സ്പിരിറ്റ്സിലേക്ക് ഒരു വനിത എന്നത് ഇത്തിരി ആകാംഷയോടെയാണ് കോര്‍പ്പറേറ്റ് ലോകം നോക്കി കാണുന്നത്. കാരണം, കിംഗ് ഫിഷെറിന്റെ വിജയ് മല്യയും അലൈഡ് ബ്ലെന്‍ഡേഴ്‌സിന്റെ കിഷോര്‍ ഛബിയയും ഒക്കെ മാത്രം പതിറ്റാണ്ടുകള്‍ അടക്കി ഭരിച്ചതാണ് ഇന്ത്യയിലെ മദ്യ വ്യവസായ രംഗം. ഇവിടേയ്ക്ക് ആദ്യമായി ആണ് കരുത്തു തെളിയിക്കാന്‍ ഒരു വനിത.


ഐ ഐ എം അഹമ്മദാബാദില്‍ നിന്ന് എം ബി എ നേടിയ ഹിന ബിസിനസ്സ് മാനേജ്‌മെന്റില്‍ ഓണേഴ്സ് ഡിഗ്രി ഉള്‍പ്പെടെ നേടിയിട്ടുണ്ട്. മദ്യം വ്യവസായ രംഗത്ത് പ്രവര്‍ത്തി പരിചയവും ഉണ്ട്. ലോക്ക്ഡൗണും അതെതുടര്‍ന്നുള്ള ഔട്ട് ലെറ്റുകള്‍ അടച്ചു പൂട്ടലും ഒക്കെ മദ്യ വ്യവസായ രംഗത്തെയും ഒക്കെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 339 കോടി രൂപ ലാഭം നേടിയിരുന്ന കമ്പനി ഇപ്പോള്‍ 121.5 കോടി രൂപ നഷ്ടത്തിലാണ്. അതുകൊണ്ട് തന്നെ ഹിന നാഗരാജന് മുന്നിലുള്ളതും വെല്ലുവിളികളാണ്.