കണ്ണൂർ: സ്വർണക്കടത്ത് കേസ് മറയാക്കി സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും ഇതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെതിരായ ആക്ഷേപങ്ങളിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇ.ഡിക്കും മറ്റും ഒന്നും ചെയ്യാനാവില്ലെന്നും തുറന്നടിച്ചു.
മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴി പോലും ചിലർ പത്രസമ്മേളനം നടത്തി വിളിച്ചുപറയുന്നു. ഇതൊക്കെ കണ്ട് അത്തരം ഏജൻസികളെ അങ്ങനെ മേയാൻ വിടണോ എന്നാണ് ആലോചിച്ചത്. ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്ന ജോലി അന്വേഷണ ഏജൻസികൾ ഏറ്റെടുക്കേണ്ട. അന്വേഷണം കാണിച്ച് സർക്കാരിനെ അട്ടിമറിക്കാമെന്ന പൂതി മനസിൽ തന്നെ കിടക്കട്ടെ. കമ്മ്യൂണിസ്റ്റുകാർ ജയിലറയും മർദ്ദനങ്ങളും ഏറെ കണ്ടതാണ്. കിരാത നിയമങ്ങളും മറ്റും കൊണ്ട് സർക്കാരിനെ ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒഞ്ചിയത്തെ, സി.പി.എമ്മിനോട് തെറ്റിപ്പിരിഞ്ഞ ഒരു വിഭാഗം രാഷ്ട്രീയവിരോധം വച്ച് ഒരുപാട് ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുന്നുണ്ട്. അതിലൊന്നാണ് രവീന്ദ്രനെതിരെയുള്ളതും. അവിടെ കാണുന്ന കെട്ടിടവും ഹോട്ടലും സ്ഥാപനവുമെല്ലാം രവിയുടേതാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ട് അത് രവിയുടേതാവണമെന്നില്ലല്ലോ. അന്വേഷണത്തിൽ രവീന്ദ്രന് ഭയപ്പാടുണ്ടെന്ന് തോന്നുന്നില്ല.
അഴിമതിക്കാർക്കെതിരെയാണ് കേസെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാൽ അവരുടെ പാർട്ടിയിൽ എത്തിയാൽ ആർക്കെതിരെയും കേസെടുക്കില്ല. അഴിമതിയില്ലാത്ത, കാര്യക്ഷമതയുള്ള സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം വ്യാമോഹം മാത്രമാണ്.
പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്, ഉത്തരവാദിത്വത്തോടെ ഇതിലിടപെടുമെന്ന് പ്രതീക്ഷിച്ചാണ്. പ്രധാനമന്ത്രി എന്നത് ഭരണഘടനാ സ്ഥാനമാണ്. പ്രധാനമന്ത്രിയുടെ ബാദ്ധ്യതയെന്നത് ഇത്തരം വഴിവിട്ട നീക്കങ്ങളെ സംരക്ഷിക്കലല്ല, നിയന്ത്രിക്കലാണ്. അതുകൊണ്ട് കേരളത്തിലെ അനുഭവം ഞാൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്താൻ പോകുന്നു. ഇതിലദ്ദേഹം ഇടപെടുമെന്നാണ് പ്രതീക്ഷ.
തിരഞ്ഞെടുപ്പിൽ ഇടതു
മുന്നേറ്റമുണ്ടാവും
അപവാദ പ്രചാരണങ്ങളെ മറികടന്ന് ഇടതുമുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തും. സർക്കാരിൽ ജനം അർപ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിക്കും. നിരവധി ജനക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയത്. നടക്കില്ലെന്ന് കരുതിയ പല വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കാനും ഏറ്റെടുക്കാനും കഴിഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, കൊച്ചി ഇടമൺ പദ്ധതി എന്നിവ പൂർത്തിയാക്കാനും കൊച്ചി- കോയമ്പത്തൂർ വ്യാവസായിക ഇടനാഴി പോലുള്ളവ ഏറ്റെടുക്കാനുമായി. വീടില്ലാത്ത ലക്ഷക്കണക്കിന് പേർക്ക് വീട് നിർമ്മിച്ചു നൽകി. സാധാരണക്കാരന്റെ വിഷമം മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത്. അത്തരമൊരു സർക്കാരിനല്ലാതെ, അധികാരം കിട്ടിയാൽ ലൈഫ് പദ്ധതി നിറുത്തുമെന്ന് പറഞ്ഞവർക്ക് ജനം വോട്ട് ചെയ്യില്ല.
"അന്വേഷണ ഏജൻസികളുടെ മുന്നിൽ രവീന്ദ്രൻ പോകും, തെളിവ് കൊടുക്കും. ആ തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ഒന്നും ചെയ്യാനാവില്ലെന്നാണ് പൂർണ വിശ്വാസം"
- മുഖ്യമന്ത്രി പിണറായി വിജയൻ