
കോയമ്പത്തൂർ: 23ാമത് ജെ.കെ ടയർ എഫ്.എം.എസ്.സി.ഐ ദേശീയ റേസിംഗ് ചാമ്പ്യൻഷിപ്പ് സീസൺ ഉദ്ഘാടന റൗണ്ടിൽ ആവേശകരമായ പ്രകടനവുമായി മലയാളി താരം. കോട്ടയം സ്വദേശിയായ പതിനാറുകാരൻ അമിർ സയീദ് ആണ് ഇന്നലെ നോവിസ് കപ്പിൽ നടന്ന നാലു റേസുകളിലും ഒന്നാമനായി മികച്ച പ്രകടനം നടത്തിയത്. ഈ സർക്യൂട്ടിലെ ആദ്യ മത്സരത്തിനിറങ്ങിയാണ് എംസ്‌പോർട്ട് താരം അത്ഭുത പ്രകടനം നടത്തി കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ചത്. കോയമ്പത്തൂർ കാരി മോട്ടോർ സ്പീഡ്‌വേയിൽ നടന്ന ആദ്യ റേസിൽ 15:56.927 സമയത്തിലും രണ്ടാം റേസിൽ 16:23.787 സമയത്തിലുമായിരുന്നു അമിറിന്റെ ഫിനിഷിംഗ്. യഥാക്രമം 11:58.316, 17:53.731 സമയത്തിലായിരുന്നു മൂന്നും നാലും റേസുകള്‍ ഒന്നാമനായി താരം ഫിനിഷ് ചെയ്തത്. ഇന്ന് രണ്ട് റേസുകൾ കൂടിയുണ്ട്.