
ഐ.എഫ്.എ ഷീൽഡിൽ ഗോകുലം 7-2ന് ബി.എസ്.എസ് സ്പോർട്ടിംഗിനെ കീഴടക്കി
കൊൽക്കത്ത: ഐ.എഫ്.എ ഷീൽഡ് ടൂർണമെന്റിൽ ഗോകുലം കേരള രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് ബി.എസ്.എസ് സ്പോർട്ടിംഗിനെ ഗോൾ മഴയിൽ മുക്കി ക്വാർട്ടർ ഉറപ്പിച്ചു. 
ഹൗറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് ഗോളുകൾ നേടിയ ഡെന്നിസണാണ് ഗോകുലത്തിന്റെ ഗോളടിക്ക് നേതൃത്വം നൽകിയത്. ഷിബിൽ, ജിതിൻ, സാലിയോ എന്നിവർ ഓരോ ഗോൾ വീതം നേടി. പ്രീതം, ആസിഫ് അലി മൗല എന്നിവരാണ് സ്പോർട്ടിംഗിനായി സ്കോർ ചെയ്തത്.
നാളെ നടക്കുന്ന ക്വാർട്ടറിൽ ഗോകുലം മുഹമ്മദൻസ് സ്പോർട്ടിംഗിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ ആദ്യ മത്സരത്തിൽ യുണൈറ്റഡ് സ്പോർട്സ് ക്ലബിനോട് തോൽവി വഴങ്ങിയ ശേഷമാണ് ഗോകുലം രണ്ടാം കളിയിൽ സ്പോർട്ടിംഗിനെ തകർത്തു തരിപ്പണമാക്കിയത്. സ്പോർട്ടിംഗിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.