
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസ് പതറുന്നു. ഒന്നാം ഇന്നിംഗ്സിൽ 124 റൺസെടുക്കുന്നതിനിടെ അവരുടെ എട്ട് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 336 റൺസ് പിന്നിൽ ഫോളോ ഓൺ ഭീഷണിയിലാണവർ.
2 റൺസുമായി ജോഷ്വ ഡാ സിൽവയും 5 റൺസെടുത്ത് ഷെമർ ഹോൾഡറുമാണ് ക്രീസിലുള്ളത്. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ 460 റൺസിന് ആൾഔട്ടായിരുന്നു. അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞ കെയ്ൽ ജാമിസണാണ് വിൻഡീസ് ബാറ്റിംഗ് നിരയെ തകർക്കാൻ നേതൃത്വം നൽകിയത്.