toll-booth


ന്യൂഡല്‍ഹി: കര്‍ഷക സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹിയിലേക്ക് കൂടുതല്‍ ആളുകള്‍ സമരത്തിനായി എത്തുകയാണ്. ഇതിനിടെ ഡല്‍ഹിയിലേക്കുള്ള പാതകളിലെ ടോള്‍ ബൂത്തുകള്‍ ഏറ്റെടുത്ത് വാഹനങ്ങള്‍ കടത്തിവിടുകയാണ് കര്‍ഷകര്‍. ഹരിയാനയിലെ ഝജ്ജര്‍ ടോള്‍ ബൂത്താണ് കര്‍ഷകര്‍ ഏറ്റെടുത്തത്. ജയ്പൂര്‍-ഡല്‍ഹി, ആഗ്ര-ഡല്‍ഹി അതിര്‍ത്തിയിലുള്ള കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങി തുടങ്ങി.

മാസങ്ങളോളം കഴിയാനുള്ള ഭക്ഷ്യ വസ്തുക്കളുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് നീങ്ങുന്നത്. രാത്രിയോടെ ഇവര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തും. കര്‍ഷകര്‍ ഒഴുകിയെത്തുന്നതിനെത്തുടര്‍ന്ന് ഫരീദാബാദ്, ഗുരുഗ്രാം, ഗാസിപുര്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഡിസംബര്‍ 14 മുതല്‍ കര്‍ഷക സംഘടനാ നേതാക്കള്‍ നിരാഹാരം ആരംഭിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. 'കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിനു ശേഷം മാത്രമായിരിക്കും. ഡിസംബര്‍ 13-ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്നും ജയ്പൂര്‍-ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകര്‍ ലോങ് മാര്‍ച്ച് നടത്തും.' കര്‍ഷക സമരത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കും.

കര്‍ഷകര്‍ക്കിടയില്‍ മറ്റുചിലരെ കയറ്റിവിട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തി. ഞങ്ങള്‍ ഈ സമരത്തെ സമാധാനപരമായി വിജയത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കര്‍ഷക സംഘടനാ നേതാവ് കണ്‍വാല്‍പ്രീത് സിംഗ് പന്നു പറഞ്ഞു.

എന്നാല്‍ സമരത്തില്‍ സാമൂഹിക വിരുദ്ധര്‍ കടന്നുകൂടിയിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോപണം കര്‍ഷകര്‍ തള്ളി. അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ സര്‍ക്കാര്‍ പിടികൂടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.