
ന്യൂഡൽഹി: 2019ൽ ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ ബലാക്കോട്ടിലുള്ള ഭീകര ക്യാമ്പുകൾ ജെയ്ഷെ മുഹമ്മദ് പുനർനിർമിച്ചതായി വിവരം. ഇന്റലിൻജൻസ് ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച്, ഈ ക്യാമ്പുകൾ വീണ്ടും സജീവമാകുകയും ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങൾ ഇവർ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയ മാദ്ധ്യമമായ 'സീ ന്യൂസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. യുവാക്കളെ റിക്രൂട്ട് ചെയ്തുകൊണ്ട് ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾ നടത്തുക എന്ന പദ്ധതിയാണ് ഭീകരസംഘടനയ്ക്കുള്ളത്. ഇതിനായി നിരവധി യുവാക്കളെ ജെയ്ഷെ മുഹമ്മദിൽ ചേർത്തുകൊണ്ട് അവർ പരിശീലനം നൽകാൻ ഭീകരസംഘടന ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ മണ്ണിൽ കടന്നുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാനാണ് ഇവരുടെ നീക്കമെന്നാണ് വിവരം. ക്യാമ്പുകളിലെ ഭീകരർ ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയും മുദ്രാവാക്യങ്ങൾ വിളിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് തലവൻ തലവനായ മസൂദ് മൗലാനാ അസ്ഹറിന്റെ സഹോദരൻ മൗലാന അബ്‌ദുൾ റൗഫ് അസ്ഹർ ബാലക്കോട്ടിൽ പുനരാരംഭിച്ച ഭീകര ക്യാമ്പുകളിലുണ്ടെന്നും ഇയാൾക്കാണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ ചുമതലയെന്നും റിപ്പോർട്ടുണ്ട്.