
വിസെൻസ : ഇറ്റാലിയിൻ ഫുട്ബാൾ ഇതിഹാസം പൗലോ റോസി ഇനി ആരാധക ഹൃദയങ്ങളിൽ ജീവിക്കും. ശനിയാഴ്ച ഇറ്റാലിയൻ നഗരമായ വിസെൻസയിൽ നടന്ന സംസ്കാരച്ചടങ്ങിൽ കൊറോണ പ്രതിസന്ധി വകവയ്ക്കാതെ ആയിരങ്ങളാണ് പങ്കെടുത്തത്. 1982ൽ റോസികൂടി ഉൾപ്പെട്ട ലോകചാമ്പ്യൻമാരായ ഇറ്റാലിയൻ ടീമിലെ അംഗങ്ങളായ മാർക്കോ ടാർഡെല്ലി, അന്റോണിയോ കാബ്രിനി, ജിയാൻകാർലോ അന്റോഗ്നോനി, അലക്സാണ്ട്രോ ആറ്റോബെല്ലി, ഫ്രാങ്കോ കൗസിയോ, ഫുൾവിയോ കൊല്ലോവറ്റി, ജ്യൂസപ്പെ ബർഗോമിനി എന്നിവരായിരുന്നു റോസിയുടെ ശവപേടകം ചുമന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു റോസിയുടെ അന്ത്യം. 66 വയസായിരുന്നു. 1982 ലോകകപ്പിൽ ഇറ്റലിക്ക് കിരീടം സമ്മാനിച്ച വീരനായകനാണ് റോസി. ആ ലോകകപ്പിൽ ഗോൾഡൻ ബൂട്ടും, ഗോൾഡൻ ബാളും സ്വന്തമാക്കിയത് റോസിയായിരുന്നു.