banned

മുംബയ്: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡ് യാഥാര്‍ത്ഥ്യമായി. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് ജോലിക്ക് എത്തുമ്പോള്‍ ടീഷര്‍ട്ട്, ജീന്‍സ്, സ്ലിപ്പര്‍ ചെരുപ്പ് എന്നിവ ധരിക്കരുത്. അതിന് പുറമെ, ആഴ്ചയില്‍ ഒരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഡിസംബര്‍ എട്ടിന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

'പല ജോലിക്കാരും, പ്രത്യേകിച്ചും കരാര്‍ ജീവനക്കാരും സര്‍ക്കാര്‍ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ഉപദേശകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുചിതമെന്ന് കരുതുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നു. ഇത് സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ച് ജനങ്ങളുടെ മനസ്സില്‍ ഒരു നിഷേധാത്മക മതിപ്പ് സൃഷ്ടിക്കുന്നു,' എന്ന് ഉത്തരവില്‍ പറയുന്നു. 'വനിതാജോലിക്കാര്‍ ധരിക്കേണ്ട വസ്ത്രങ്ങളുടെ പട്ടിക - സ്ത്രീകള്‍ സാരി, സല്‍വാര്‍, ചുരിദാര്‍-കുര്‍ത്ത, ആവശ്യമെങ്കില്‍ ഒരു ദുപ്പട്ടയും ധരിക്കണം, പുരുഷന്മാര്‍ പാന്റും ഷര്‍ട്ടും ധരിക്കണം.'

''കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളും വിചിത്രമായ എംബ്രോയിഡറി പാറ്റേണുകളോ ചിത്രങ്ങളോ'' ധരിക്കുന്നതില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഓഫീസുകളില്‍ ജീന്‍സും ടി-ഷര്‍ട്ടും ധരിക്കരുതെന്ന് ജീവനക്കാരോട് ആവശ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം ജീവനക്കാര്‍ ഇടുന്ന ചെരുപ്പിലും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് ചെരുപ്പോ ഷൂസോ ധരിക്കാം. എന്നാല്‍ ഒരു കാരണവശാലും സ്ലിപ്പേഴ്‌സ് അഥവാ വള്ളിച്ചെരുപ്പ് ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഖാദിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജീവനക്കാര്‍ വെള്ളിയാഴ്ച ഖാദി ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വസ്ത്രധാരണം അനുയോജ്യമല്ലാത്തതും അശുദ്ധവുമാണെങ്കില്‍, അത് അവരുടെ ജോലിയെ പരോക്ഷമായി സ്വാധീനിക്കുന്നു, ''സര്‍ക്കുലര്‍ കൂട്ടിച്ചേര്‍ത്തു.