gold

ചെന്നൈ: സി.ബി.ഐയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന 103 കിലോ സ്വർണം കാണാതായ സംഭവത്തിൽ
നിർണായക ഇടപെടലുമായി മദ്രാസ് ഹെെക്കോടതി.45 കോടി രൂപയുടെ സ്വർണം കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹെെക്കോടതി പൊലീസിന് നിർദ്ദേശം നൽകി. ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ അഭിമാനത്തിന് കോട്ടം തട്ടുമെന്ന സി.ബി.ഐ അഭിഭാഷകന്റെ വാദം തള്ളിയ കോടതി സി.ബി.ഐയ്ക്ക് കൊമ്പില്ലെന്നും പറഞ്ഞു.

"സി.‌ബി.‌ഐയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അഗ്നിപരീക്ഷ ആയിരിക്കാം. അവരുടെ കൈകൾ സീതയെപ്പോലെ ശുദ്ധമാണെങ്കിൽ, അവർ കൂടുതല്‍ തിളക്കത്തോടെ പുറത്തുവരും. ഇല്ലെങ്കിൽ, അവർ അന്വേഷണം നേരിടേണ്ടിവരും". കോടതി പറഞ്ഞു.

2012ല്‍ സുരാന കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് സി.ബി.ഐ സംഘം പിടിച്ചെടുത്ത ആഭരണങ്ങൾ ഉൾപ്പെടെയുള്ള 400.5 കിലോ സ്വര്‍ണത്തില്‍ നിന്നാണ് 103 കിലോ മോഷണം പോയത്. കേസിൽ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ക്രൈം ബ്രാഞ്ച് - സി.ഐഡിയോട് കോടതി ഉത്തരവിട്ടു.

സ്വര്‍ണം സൂക്ഷിച്ച സ്ഥലത്തിന്റെ താക്കോലുകള്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ കോടതിയില്‍ കൈമാറിയിരുന്നുവെന്നും സ്വർണം തൂക്കിയതിലെ പിഴവാകാം ഭാരത്തിൽ കുറവുണ്ടാകാൻ കാരണമെന്നുമാണ് സി.ബി.ഐയുടെ വാദം. ഇത് വിശ്വാസത്തിലെടുക്കാത്ത കോടതി പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.