
പിങ്ക് സന്നാഹത്തിൽ പന്തിനും വിഹാരിക്കും സെഞ്ച്വറി
സിഡ്നി: ആസ്ട്രേലിയ എ ടീമിനെതിരായ പിങ്ക് സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് 472 റൺസിന്റെ ലീഡ്. 86 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയെ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ഹനുമ വിഹാരിയും (104) റിഷഭ് പന്തുമാണ് (103) മികച്ച നിലയിൽ എത്തിച്ചത്. ത്രിദിന മത്സരത്തിന്റെ രണ്ടാം ദിനം സ്റ്രമ്പെടുക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 386/ 4 എന്ന നിലയിലാണ്.
ഏറെക്കാലത്തിന് ശേഷം മികച്ച ഫോമിലേക്കുയർന്ന പന്ത് ഏകദിന ശൈലിയിൽ ബറ്റ് വീശി വെറും 73 പന്തിലാണ് 103 റൺസ് അടിച്ചെടുത്ത് ബാറ്റിംഗ് തുടരുന്നത്. 9 ഫോറും 6 സിക്സും ഉൾപ്പെട്ടതാണ് പന്തിന്റെ ഇന്നിംഗ്സ്. 194 പന്ത് നേരിട്ടാണ് 13 ഫോറുൾപ്പെടെ നേടി വിഹാരി ബാറ്റിംഗ് തുടരുന്നത്. മായങ്ക് അഗർവാൾ (61), ശുഭ്മാൻ ഗിൽ (65) എന്നിവർ അർദ്ധ സെഞ്ച്വറി നേടി.