goa

ബംബോലിം: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോവ ഏകപക്ഷീയമായ ഒരു ഗോളിന് ഒഡീഷയെ കീഴടക്കി. ഒന്നാം പകുതിയുടെ അധികസമയത്ത് ഗോവയുടെ ഗോളടിയന്ത്രം ഇഗോർ അംഗൂളോയാണ് അവരുടെ വിജയ ഗോൾ നേടിയത്. ഗോവയുടെ ഒർട്ടിസാണ് കളിയിലെ താരം. ഗോവയുടെ ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയമാണിത്. ഒഡിഷയ്ക്ക് ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. തുടക്കം മുതൽ ഗോവ ആക്രമണം കനപ്പിച്ചുതിനെത്തുടർന്ന് ഒഡീഷ പ്രതിരോധത്തിലായി. തുടർന്ന് ഒഡീഷയും ആക്രമണ നീക്കങ്ങൾ നെയ്തു. 14,​ 17 മിനിട്ടുകളിൽ ലഭിച്ച ഗോളവസരങ്ങൾ ഗോവൻ സൂപ്പർതാരം അംഗൂളോയ്ക്ക് മുതലാക്കാനായില്ല. ഗോവയുടെ ഗോൾ ശ്രമങ്ങളെ നന്നായി പ്രതിരോധിച്ച ഒഡീഷയ്ക്ക് പക്ഷേ ഒന്നാം പകുതിയുടെ അധിക സമയത്ത് പിഴച്ചു. റൊമാരിയോ നൽകിയ മനോഹരമായ പാസ് അംഗൂളോ പിഴവേതുമില്ലാതെ അനായാസം ഒഡീഷ ഗോൾ പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു.

രണ്ടാം പകുതിയിൽ ഒഡീഷ ആക്രമണം കനപ്പിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. നാൽപത്തിയാറാം മിനിട്ടിൽ അവരുടെ ജെറി ഗോളവസരം നഷ്ടപ്പെടുത്തി. തുടർന്ന് ഗോവയും ആക്രമണം നടത്തിയെങ്കിലും തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഒഡീഷ ഗോൾകീപ്പർ അ‌ർഷദീപ് സിംഗ് അതെല്ലാം നിർവീര്യമാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഗോളെന്നുറച്ച നാലോളം ഷോട്ടുകളെങ്കിലും അർഷദീപ് തടഞ്ഞു.

ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരെ

ഐ.എസ്.എല്ലിൽ സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്‌റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്.സിക്കെതിരെ കളത്തിലിറങ്ങുന്നു. ഇന്നത്തെ രണ്ടാം മത്സരത്തിലാണ് ഇരു ടീമും മുഖാമുഖം വരുന്നത്. ഫറ്റോർദ സ്റ്രേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. 4 മത്സരങ്ങളിൽ നിന്ന് രണ്ട് വീതം സമനിലയും തോൽവിയും കൈമുതലായുള്ള ബ്ലാസ്റ്റേഴ്സ് 2 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. 4 മത്സരങ്ങളിൽ നിന്ന് 1 ജയവും മൂന്നു സമനിലയുമായി 6 പോയിന്റുമായി ബംഗളൂരു അഞ്ചാം സ്ഥാനത്താണ്. ഇന്ന് അഞ്ചി ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്രഡ് ചെന്നൈയിൻ എഫ്.സിയെ നേരിടും. അഞ്ച് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി നോർത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്തും 4 മത്സരങ്ങളിൽ നിന്ന് അത്രയും തന്നെ പോയിന്റുമായി ചെന്നൈയിൽ എട്ടാം സ്ഥാനത്തുമാണ്.

ജീക്സൺ കരാർ നീട്ടി

കൊച്ചി: യുവ മിഡ്ഫീൽഡർ ജീക്‌സൺ സിംഗ് തൗനോജം ക്ലബ്ബുമായുള്ള കരാർ മൂന്നു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി പ്രഖ്യാപിച്ചു. കരാർ പ്രകാരം 19കാരനായ മണിപ്പൂരി താരം 2023 വരെ ക്ലബ്ബിൽ തുടരും. 2017 അണ്ടർ17 ഫിഫ ലോകകപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജീക്‌സൺ ഫിഫ ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യത്തെ ഗോൾ നേടിയതിനൊപ്പം ലോകകപ്പിൽ ഇന്ത്യയുടെ ഏക ഗോളിന് അവകാശിയാവുകയും ചെയ്തു.