
പോത്തൻകോട്: അനധികൃതമായി പടക്കം നിർമ്മിച്ച് വില്പന നടത്തിയ കാര്യം പൊലീസിനെ അറിയിച്ചതിന് മടവൂർപ്പാറ പ്ലാവിള വീട്ടിൽ സതികുമാറിനെ മർദ്ദിക്കുകയും രാത്രിയിൽ ഇയാൾ താമസിക്കുന്ന വീട്ടിൽ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌ത കേസിലെ പ്രതികളെ പൊലീസ് പിടികൂടി. കാട്ടായിക്കോണം മടവൂർപ്പാറ പ്ലാവിള വീട്ടിൽ പടക്കനിർമ്മാണം നടത്തുന്ന മധു ആശാന്റെ മകൻ അനു (26 ), സുഹൃത്തും സഹപണിക്കാരനുമായ കൊല്ലം ശൂരനാട് നടുവിൽ മുറി സരസ്വതി ഭവനിൽ അജിത്ത് (37) എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.വൈ. സുരേഷിന്റെ മേൽനോട്ടത്തിൽ പോത്തൻകോട് സി.ഐ ഗോപി. ഡി, എസ്.ഐമാരായ അജീഷ്. വി.എസ്, രവീന്ദ്രൻ, എസ്.സി.പി.ഒമാരായ ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്‌തു.