
തിരുവനന്തപുരം: കാച്ചാണിയിൽ ഭാര്യയെ ആക്രമിച്ച് വീടിന് തീകൊളുത്തിയ കേസിലെ വീട്ടുടമസ്ഥനായ പ്രതി പിടിയിലായി. കാച്ചാണി നെട്ടയം പാപ്പാട് ഭരത് നഗറിൽ വിലങ്ങറക്കോണത്ത് വീട്ടിൽ ബിന്റോവിനെയാണ് (41) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ആക്രമിച്ച് പരിക്കേൽപ്പിച്ചശേഷം വീടിന് തീ വയ്ക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ കലഹമുണ്ടാക്കുന്നത് ഭാര്യ വിലക്കിയതിലുളള വിരോധത്തിലാണ് ഭാര്യയെ കൈയേറ്റം ചെയ്ത് പുലർച്ചെ വീടിന് തീയിട്ടത്. ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റുകളും തുണികളും ഉൾപ്പെടെയുളളവ കത്തിനശിച്ചു. തുടർന്ന് നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. വീടിന് തീ വച്ചശേഷം ഒളിവിൽപോയ പ്രതിയെ വട്ടിയൂർക്കാവ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ ബിജു.എൽ.എം, എസ്.ഐമാരായ ജയപ്രകാശ്, സുനിൽ എന്നിവരാണ് നേതൃത്വം നൽകിയത്.