vaccine

വാഷിംഗ്‌ടൺ: ഫൈസറിന്റെ കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകി യു.എസ്
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. വാക്‌സിൻ കൊവിഡിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. 16 വയസിനു മുകളിലുള്ളവരിൽ ഉപയോഗിക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വാക്‌സിൻ നൽകി തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

ഞങ്ങളുടെ തീരുമാനത്തിന് ശാസ്ത്രത്തിന്റെ പിന്തുണയുണ്ട്. വാക്‌സിന് ആവശ്യമായ സുരക്ഷയും ഫലപ്രാപ്തിയും ഉള്ളതായി ഡാറ്റകൾ സൂചിപ്പിക്കുന്നുവെന്നും ഇത് അപകട സാദ്ധ്യതകളെ മറികടന്നുവെന്നും വാക്സിനുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഓഫീസ് മേധാവി പീറ്റർ മാർക്ക്‌സ് പറഞ്ഞു.

ഫൈസർ വാക്‌സിൻ 95 ശതമാനവും ഫലപ്രദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്​. യു.കെ, സൗദി അറേബ്യ, ബഹ്‌റിൻ, കാനഡ എന്നീ രാജ്യങ്ങൾ നേരത്തെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. അതേസമയം, ഇന്ത്യയിൽ ഫൈസർ അധികൃതർ നൽകിയ അപേക്ഷയ്ക്ക് ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ഇത് ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ പരിഗണനയിലാണ്.