
പമ്പ: കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസം സന്നിധാനത്ത് 238 പേരിൽ നടത്തിയ റാപ്പിഡ് പരിശോധനയിൽ മുപ്പത്തിയാറ് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി പൊലീസുകാർ ഉൾപ്പടെ 48 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.സന്നിധാനത്ത് ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരെയും, വ്യാപാര സ്ഥാപനങ്ങളിലെയും ദേവസ്വം ബോർഡിലെ ദിവസവേതനക്കാരെയുമാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
പൊലീസ് ഉദ്യോഗസ്ഥരിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പൊലീസ് മെസ്സുകൾ താൽക്കാലികമായി അടച്ചു.
കഴിഞ്ഞ ദിവസം സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലൻ നായരുടെ നേതൃത്വത്തിലുള്ള സംഘം വ്യാപാര സ്ഥാപനങ്ങളിലും മറ്റും നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കണ്ടെത്തിയതിന് പിന്നാലെയാണ് രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചത്. ഇതിൽ പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെ നിന്ന് ജില്ലയിലെ വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരോട് സന്നിധാനം വിട്ട് പോകുന്നതിനും ക്വാറന്റൈനിൽ കഴിയുന്നതിനും നിർദ്ദേശം നൽകി.