
മൂലമറ്റം: തിരുമ്മുചികിത്സയ്ക്ക് എത്തിയ പ്ലസ്ടു വിദ്യാർഥിയെ വൈദ്യന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മനോജ്- ഷൈലജ ദമ്പതികളുടെ മകൻ മഹേഷ് (16) ആണ് മരിച്ചത്. നാല് മാസം മുമ്പ് മഹേഷിന് വീണ് പരിക്കേറ്റിരുന്നു.
കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. എക്‌സറേ എടുക്കണമെന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു. എന്നാൽ കുട്ടിയേയും കൊണ്ട് വെള്ളിയാഴ്ച ഉച്ചയോടെ ബന്ധുക്കൾ കുടയത്തൂരുള്ള നാട്ടു വൈദ്യന്റെ അടുത്തേക്ക് പോകുകയായിരുന്നു.
അച്ഛനും അമ്മാവനുമാണ് മഹേഷിനൊപ്പമുണ്ടായിരുന്നത്. വൈദ്യർ തന്നെയാണ് മരണവിവരം പൊലീസിൽ അറിയിച്ചത്. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.