election

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ കണ്ണൂർ ജില്ലയിൽ സുരക്ഷ കർശനമാക്കി പൊലീസ്. മലയോര മേഖലകളിൽ 64 ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും, ഇവിടങ്ങളിൽ തണ്ടർ ബോൾട്ട് ഉൾപ്പടെയുള്ള ട്രിപ്പിൾ ലോക്ക് സംരക്ഷണം ഒരുക്കുമെന്നും കണ്ണൂർ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു.

ജില്ലയിൽ 1671 പ്രശ്‌ന ബാധിത ബൂത്തുകളാണ് ഉള്ളത്. സമാധാനപരമായ പോളിംഗ് തടസപ്പെടുത്തുന്നവരെ കരുതൽ തടങ്കലിലാക്കുമെന്നും, എട്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും യതീഷ് ചന്ദ്ര ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കള്ളവോട്ട് തടയാൻ 1500 ബൂത്തുകളിൽ വീഡിയോ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷൻമാരും 46,87,310 സ്ത്രീകളും 86 ട്രാൻസ്‌ജെൻഡേഴ്‌സും അടക്കം 89,74,993 പേരാണ് സമ്മതിദാനം നി‌ർ‌വഹിക്കുന്നത്. 71,906 കന്നി വോട്ടർമാരും 1,747 പ്രവാസി വോട്ടർമാരും ഉൾപ്പെടുന്നു. പോളിംഗ് ബൂത്തുകൾ- 10,842.

വോട്ടിംഗ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. നാല് ജില്ലകളിലായി 76 വിതരണ, സ്വീകരണ കേന്ദ്രങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 52,285 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.