
ലക്നൗ: ഡോ കഫീൽ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ യുപി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായി സംസാരിച്ചുവെന്നാരോപിച്ചായിരുന്നു ജനുവരിയിൽ കഫീൽ ഖാനെ ദേശീയ സുരക്ഷ നിയമം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അലിഗഡ് സർവകലാശാലയിൽ നടന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തെ തുടർന്നാണ് കഫീൽ ഖാനെ അറസ്‌റ്റ് ചെയ്‌തത്. ഡോ. കഫീൽ ഖാന്റെ അറസ്‌റ്റ് നിയമ വിരുദ്ധമാണെന്നും, ഉടൻ ഡോക്‌ടറെ മോചിപ്പിക്കണമെന്നും അലഹബാദ് ഹൈക്കോടതി കഴിഞ്ഞ സെപ്തംബറിൽ ഉത്തരവിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടാണ് യോഗി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
നിരവധി തവണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് കഫീൽഖാനെന്നും, ഇതിന്റെ തുടർച്ചയായി അച്ചടക്കനടപടിയും ആരോഗ്യസേവനരംഗത്ത് നിന്ന് പുറത്താക്കപ്പെടുകയും അടക്കമുള്ള നടപടികള്‍ നേരിട്ടിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഹര്‍ജിയില്‍ പറയുന്നു.
2017ൽ ഓക്‌സിജൻ വിതരണം നിലച്ചതുമൂലം ഗോരഖ്പൂരിലെ സർക്കാർ ആശുപത്രിയിൽ 60 കുട്ടികൾ മരിച്ച സംഭവം പുറത്തറിയിച്ചതിന് ഗോരഖ്പൂർ സ്വദേശിയായ ഡോക്‌ടറെ ഉത്തർപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.