parliament-attack

ന്യൂഡൽഹി: പാർലമെന്റ് ആക്രമണം നടന്നിട്ട് ഇന്നേക്ക് പത്തൊമ്പത് വർഷം. 2001ല്‍ പാര്‍ലമെന്‍റ് ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു മസൂദ് അസ്ഹറിന്റെ ജയ്ഷ് ഇ മുഹമ്മദ് ഗ്രൂപ്പിലെ അഞ്ച് പാകിസ്ഥാൻ തീവ്രവാദികൾ ഇന്ത്യൻ പാർലമെന്റിൽ ആക്രമണം നടത്തിയത്.


ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടു. ഇന്ത്യാ-പാക് ബന്ധത്തില്‍ ഈ ആക്രമണം സാരമായ വിള്ളല്‍ വീഴ്ത്തിയിരുന്നു.

ഇന്ത്യ തടവിലാക്കിയ കുറ്റവാളികളെ വിട്ടയക്കാനായി 1999 ൽ വിമാനം ഹൈജാക്ക് ചെയ്തിരുന്നു.. യാത്രക്കാർക്ക് പകരമായി അസ്ഹാർ ഉൾപ്പെടെയുള്ള മൂന്ന് തീവ്രവാദികളെ വിട്ടയച്ചിരുന്നു. എന്നാൽ ഇന്നായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഇന്ത്യൻ മണ്ണിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക് ശക്തമായ തിരിച്ചടിയാണ് മോദി സർക്കാർ നൽകുന്നത്


2016 ജനുവരി രണ്ടിനായിരുന്നു പഞ്ചാബിലെ പഠാൻകോട്ട് വ്യോമസേനാ ക്യാമ്പിനു നേരെയുള്ള ആക്രമണം.തന്ത്രപ്രധാനമായ ഈ സേനാകേന്ദ്രത്തിൽ നടന്ന ആക്രമണത്തിൽ ഗരുഡ് കമാൻഡോ അടക്കം ഏഴു സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.2016 സെപ്റ്റംബർ 18-ന് ഉറി സൈനിക ക്യാമ്പിൽ നുഴഞ്ഞുകയറിയ ഭീകരർ നടത്തിയ ആക്രമണത്തിൽ 23 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 20 പേർക്ക് പരിക്കേറ്റു.


ഉറി ആക്രമണത്തിന് അതിർത്തി കടന്നുള്ള മിന്നലാക്രമണത്തിലൂടെയായിരുന്നു ഇന്ത്യൻ സൈന്യം മറുപടി നല്‍കിയത്. പാക് അധിനിവേശ കശ്മീരിൽ പാക്ക് ഔട്ട് പോസ്റ്റുകളിൽ കടന്ന് കയറിയായിരുന്നു ആക്രമണം നടത്തിയത്. നിരവധി പാക് സൈനികർ കൊല്ലപ്പെട്ടു.


2019 ഫെബ്രുവരി 14-നാണ് ജമ്മുകശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ചാവേറാക്രമണം ഉണ്ടായത്. 40 ജവാന്മാർ വീരമൃത്യുവരിച്ചു.പന്ത്രണ്ടാം ദിവസം, ഫെബ്രുവരി 26-ന് ഇന്ത്യ മറുപടിനൽകുകയും ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങൾ അതിർത്തികടന്ന് ബാലാകോട്ടിലെ ഭീകരക്യാമ്പിൽ ബോംബുകൾ വർഷിച്ചു. ലേസർ ഉപയോഗിച്ച് ലക്ഷ്യത്തിലേക്ക് കൃത്യമായി വഴികാട്ടുന്ന എസ് 2000 പ്രിസിഷൻ ഗൈഡഡ് ബോംബുകളാണ് ജെയ്‌ഷെ മുഹമ്മദ് താവളങ്ങൾക്ക് മുകളിൽ പതിച്ചത്.


ഇന്ത്യൻ മണ്ണ് ലക്ഷ്യംവച്ച് വന്ന ചൈനയ്ക്കും ശക്തമായ തിരിച്ചടി ഇന്ത്യ നൽകി. കഴിഞ്ഞ ജൂൺ പതിനഞ്ചിന് ചൈനയുടെ കടന്നുകയറ്റം തടയാനുള്ള ശ്രമത്തിനിടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യവരിച്ചിരുന്നു. ഇതിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.