saritha

തിരുവനന്തപുരം: കെ ടി ഡി സിയിലും ബിവറേജസ് കോർപ്പറേഷനിലും ജോലിവാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സോളാർ കേസിലെ വിവാദ നായിക സരിത എസ് നായർക്കതിരെ പൊലീസ് ജാമ്യമില്ലാ കേസെടുത്തു. വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി രണ്ട് പേർ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. കുന്നത്തുകാൽ പഞ്ചായത്തിലെ സി പി ഐ സ്ഥാനാർത്ഥി ടി രതീഷ്, പൊതുപ്രവർത്തകൻ ഷാജു പാലിയോട് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.

2018 ഡിസംബറിലാണ് രതീഷും ഷാജുവും ചേർന്ന് പണപ്പിരിവ് നടത്തിയത്. പക്ഷേ, ജോലി നൽകാനായില്ല. ഇതോടെ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പണം നൽകിയവർ പ്രതികളെ സമീപിച്ചു. അപ്പോഴായിരുന്നു സരിതയുടെ രംഗപ്രവേശം. പണം കൊടുത്തവരെ സരിത നേരിട്ട് ഫോൺവിളിക്കുകയായിരുന്നു. യഥാർത്ഥ വിലാസം വെളിപ്പെടുത്താതെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സരിത സംസാരിച്ചത്. എന്നാൽ പിന്നീട് തന്റെ ശരിക്കുളള വിലാസം വെളിപ്പെടുത്തി. ബിവറേജസ് കോർപ്പറേഷനിൽ ജോലിക്കായാണ് 10 ലക്ഷം കൊടുത്തതെന്ന് പറഞ്ഞപ്പോൾ ഒരു ലക്ഷം വേണമെന്ന് സരിത ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞവർഷമായിരുന്നു ഫോൺവിളികൾ. ഇതനുസരിച്ച് സരിതയുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയായിരുന്നു. ഇതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം ഇരുപതിലേറെ യുവാക്കളിൽ നിന്ന് പണം തട്ടിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനുളള തയ്യാറെടുപ്പിലാണ് പൊലീസ്.അമ്മയ്ക്കും രണ്ടുമക്കൾക്കുമൊപ്പം സരിത നായർ ഇപ്പോൾ തമിഴ്നാട്ടിലാണ് താമസിക്കുന്നത്.