
ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെയുളള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുളള കർഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാർച്ച് തുടങ്ങി. രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് ആരംഭിച്ച മാർച്ച് സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ ഹരിയാന സർക്കാർ പൊലീസിനൊപ്പം അർദ്ധസൈനികരെയും സംസ്ഥാന അതിർത്തിയായ ഷാജഹാൻപൂരിൽ നിയോഗിച്ചു. മാർച്ച് തടയാൻ റോഡിൽ പടുകൂറ്റൻ കോൺക്രീറ്റ് ബീമുകളും തയ്യാറാക്കിയിട്ടുണ്ട്. ഹരിയാന അതിർത്തിവരെ രാജസ്ഥാൻ പൊലീസിന്റെ അകമ്പടിയോടെയാണ് മാർച്ച്.എന്നാൽ, എന്തുസംഭവിച്ചാലും മാർച്ച് തുടരാൻ തന്നെയാണ് കർഷക സംഘടനകളുടെ തീരുമാനം. കൂടുതൽ കർഷകർ ദേശീയപാതകളിലേക്ക് നീങ്ങുന്നത് തലസ്ഥാനനഗരത്തിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.
അതിനിടെ, കർഷക സമരം തീർക്കാർ ഹരിയാന സർക്കാർ ശക്തമായ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാന ഉപമുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരുമായി ഇന്നലെ നടത്തിയ ചർച്ചകളിൽ താങ്ങുവിലയ്ക്കായി പ്രത്യേക നിയമം എന്ന നിർദ്ദേശം ചർച്ച ചെയ്തു എന്നാണ് സൂചന. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിമാരും അനുകൂലമായാണ് പ്രതികരിച്ചതത്രേ. സമരം 48 മണിക്കൂറിനുളളിൽ അവസാനിക്കും എന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചതിന് പിന്നിൽ ഇതാണെന്നാണ് സൂചന. ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതാണ് പൊടുന്നനെ ഇത്തരമൊരു നീക്കത്തിന് സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. അവിശ്വാസം കൊണ്ടുവന്നാൽ നേരിയ ഭൂരിപക്ഷം മാത്രമുളള സർക്കാർ നിലംപൊത്തുമെന്നാണ് പാർട്ടി ഭയക്കുന്നത്. കർഷക സംഘടനകളുമായി നാളെ ചർച്ചയാവാം എന്ന തരത്തിലുളള സൂചന കേന്ദ്ര കൃഷിമന്ത്രിയും നൽകിയിട്ടുണ്ട്. സർക്കാർ പ്രതിനിധികൾ സമരത്തിലുള്ള ചില നേതാക്കളെ ഇക്കാര്യംഅറിയിച്ചിട്ടുണ്ടുമുണ്ട്.
എന്നാൽ, ബില്ലുകൾ പിൻവലിക്കുന്നതിനെക്കുറിച്ചാവണം ആദ്യ ചർച്ച എന്ന നിലപാടിൽ സംഘടനകൾ ഉറച്ചു നില്ക്കുകയാണ്. ബില്ലുകൾ പിൻവലിക്കുന്നതല്ലാതെ ഒരുതരത്തിലുളള ഒത്തുതീർപ്പിനും വഴങ്ങേണ്ടെന്നാണ് സമരക്കാരുടെ നിലപാട്. നാളെ സിംഗുവിൽ കർഷക നേതാക്കൾ നിരാഹാരമിരിക്കാനും തീരുമാനിച്ചിട്ടുണ്ട്.