
മുംബയ് : എന്‍ സി പി അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ 80ാം പിറന്നാള്‍ ആഘോഷം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ബീഡ് എന്ന സ്ഥലത്ത് വച്ച നടന്ന പരിപാടിയാണ് സ്വന്തം അണികളെക്കൊണ്ട് തന്നെ പുലിവാല് പിടിച്ചിരിക്കുന്നത്.
ഒരു കഷ്ണം കേക്കിന് വേണ്ടി കടിപിടി കൂടുന്ന അണികളുടെ വീഡിയോയാണ് വാര്‍ത്താ മാദ്ധ്യമങ്ങളില്‍ അടക്കം വന്നിരിക്കുന്നത്. കാബിനെറ്റ് മന്ത്രി ധനഞ്ജയ് മുണ്ഡയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടിയാണ് കുളമായത്.കൊവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ കേക്ക് മുറിച്ചപ്പോഴേക്കും സാമൂഹിക അകലവും മറ്റും മറികടന്ന് ആളുകള്‍ ഇടിച്ചുകൂടുകയായിരുന്നു.
കേക്ക് കഷ്ണം ലഭിക്കുന്നതിന് വേണ്ടി ആളുകള്‍ തമ്മില്‍ അടിക്കുകയും കസേരകള്‍ എറിയുകയും ചെയ്യുന്നുണ്ട്. സ്റ്റേജിന് മുന്നില്‍ ഒരുക്കിയ ഭീമന്‍ കേക്കിന്റെ കഷ്ണം കരസ്ഥമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ബഹളമുണ്ടാക്കിയത്. ചിലര്‍ സ്റ്റേജില്‍ നിന്നും താഴേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. മറ്റു ചിലര്‍ ഇതിന്റെ ഭീമന്‍ പീസ് കരസ്ഥമാക്കി ഓടുന്നതും കാണാന്‍ സാധിക്കും.
പിന്നീട്, പൊലീസ് സംഭവത്തില്‍ ഇടപെടുകയും ജനങ്ങളെ അടക്കി നിര്‍ത്തുകയുമായിരുന്നു. ഒരു മഹാമാരിയുടെ കാലഘട്ടത്തില്‍ ഇത്രയും വലിയ ജനക്കൂട്ടത്തെ ഒത്തുചേരാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ എന്‍ സി പി അദ്ധ്യക്ഷന്റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്നിരുന്നു.