
ന്യൂഡൽഹി: ഒരു വശത്ത് പാകിസ്ഥാനും മറുവശത്ത് ചൈനയും നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സേന കൂടുതൽ ആയുധങ്ങൾ സംഭരിക്കുന്നു. 15 ദിവസം തീവ്രയുദ്ധം നടത്തുന്നതിനുളള ആയുധങ്ങൾ സംഭരിക്കാനാണ് സൈന്യത്തിന് അനുവാദം കൊടുത്തിരിക്കുന്നത്. മിസൈലുകളും ടാങ്കുകളും ഉൾപ്പടെ ശത്രുക്കൾക്ക് കനത്ത നാശം വിതയ്ക്കാൻപോന്ന ആയുധങ്ങളാണ് സംഭരിക്കുക. ഇതിനായി കൂടുതൽ പണവും അനുവദിച്ചിട്ടുണ്ട്.
നേരത്തേ പത്തുദിവസത്തെ തീവ്ര യുദ്ധത്തിന് വേണ്ട ആയുധങ്ങൾ സംഭരിക്കാനായിരുന്നു സൈന്യത്തിന് അനുവാദം നൽകിയിരുന്നത്. വൻ വിലയുളള ആയുധങ്ങൾ നിശ്ചിത സമയപരിധിക്കുളളിൽ ഉപയോഗിക്കാതിരുന്നതാൽ കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും എന്നതിനാലാണ് പത്തുദിവസത്തേക്കുളള ആയുധങ്ങൾ മാത്രം സംഭരിക്കാൻ അനുവാദം നൽകിയിരുന്നത്. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലായിരുന്നു ഇത്.
എന്നാൽ 2016 സെപ്റ്റംബർ 18-ന് നടന്ന ഉറി ഭീകരാക്രമണത്തിനുളള മറുപടിയായി ഇന്ത്യ പാകിസ്ഥാൻ അതിർത്തികടന്ന് നടത്തിയ മിന്നലാക്രമണത്തിന് ശേഷമാണ് സൈന്യം കൂടുതൽ ആയുധങ്ങൾ സംഭരിക്കേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ടവർക്ക് മനസിലായത്. അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ കര, വ്യോമ സേനകൾക്ക് അവശ്യസന്ദർഭങ്ങളിൽ ആയുധം വാങ്ങുന്നതിനുളള ഫണ്ട് 500 കാേടിയായി ഉയർത്തി. ഇതിന് മുമ്പ് ഇത് നൂറുകാേടി മാത്രമായിരുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയായി ചൈനയുടെയോ പാകിസ്ഥാന്റെയോ ഭാഗത്തുനിന്നുണ്ടാകുന്ന ഒരു ചെറുനീക്കത്തിനുപോലും ശക്തമായി തിരിച്ചടിക്കും എന്ന മുന്നറിയിപ്പാണ് ഇന്ത്യ ഇതിലൂടെ നൽകുന്നത്. അതിർത്തിയിൽ പ്രശ്നമുണ്ടാക്കിയാൽ തിരിച്ചടിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതോടെ ചൈനയുടെ ഭാഗത്തുനിന്നുളള പ്രകോപനം കുറഞ്ഞിട്ടുണ്ട്. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി അതിർത്തി കടന്ന ഇന്ത്യൻ സൈന്യം നടത്തിയ രണ്ടാമത്തെ സർജിക്കൽ സ്ട്രൈക്കും കൂടിയായപ്പോൾ പാകിസ്ഥാനും ഭയന്നുതുടങ്ങി. കാശ്മീരിലെ ഭീകരരുടെ ശല്യം എന്നെന്നേക്കുമായി ഇല്ലാതാക്കാനുളള ശക്തമായ നടപടികൾ സൈന്യം തുടരുന്നതോടെ പാകിസ്ഥാൻ ഇപ്പോൾ ഏറക്കുറെ ഒതുങ്ങിയ മട്ടാണ്.