che

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതാൻ പോകുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജ ആരോപണങ്ങൾ ഉയർത്തുകയും അന്വേഷണപ്രഹസനം നടത്തുകയും ചെയ്യുന്ന കേന്ദ്ര ഏജൻസിയെക്കുറിച്ച് പ്രധാനമന്ത്രിക്കു പരാതി നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കേണ്ടത് സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും വികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇവിടെ അതല്ല ചെയ്യുന്നത്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും സ്വർണക്കടത്ത് കേസിലെ അന്വേഷണം മുന്നോട്ടുപോകണമെന്നാണ് ആവശ്യം.പൊതുവികാരം അതായിരിക്കെ, അതിനെതിരായി സംസ്ഥാന മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് പദവി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്- ചെന്നി​ത്തല പറഞ്ഞു.

കത്തയക്കുന്ന നടപടി തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കുന്നത്. സ്വർണക്കടത്തി​ന് അനുബന്ധമായി നടന്ന കേസുകളിലെ പ്രതികളും ശിക്ഷിക്കപ്പെടണം. പൊതുവികാരം അതായിരിക്കെ, ഇപ്പോൾ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് പ്രതികളെ രക്ഷിക്കാൻ വേണ്ടിയുള്ള നീക്കമാണെന്നും അദ്ദേഹം ആരോപി​ച്ചു.

പതിവില്ലാത്ത നിലയിൽ പൊട്ടിത്തെറിച്ചാണ് ഇന്നലെ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികൾക്കെതിരെ സംസാരിച്ചത്. എന്നാൽ ഈ ഏജൻസികളെയെല്ലാം നിയന്ത്രിക്കുന്ന നരേന്ദ്ര മോദിക്കെതിരായി ഒരു അക്ഷരം പറഞ്ഞില്ല. അമിത് ഷായ്ക്ക് എതിരായും ഒന്നും പറഞ്ഞി​ല്ല. പ്രതിപക്ഷ നേതാവായ തന്നെ പുലഭ്യം പറഞ്ഞതിന്റെ ഒരു ശതമാനം എങ്കിലും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ പറയാൻ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും ചെന്നിത്തല ചോദി​ച്ചു.