kp-appan-

ഗ്ളാക്സോ വേഷ്ടിമുണ്ട്.കൈമുട്ടിനു മുകളിൽ മടക്കിവച്ച തൂവെള്ള ഫുൾക്കൈ ഷർട്ട്.

പ്രീമിയർ പദ്മിനി ഫിയറ്റ് കാർ ഡ്രൈവ് ചെയ്ത് കൊല്ലം എസ്.എൻ.കോളേജിന്റെ പോർട്ടിക്കോയിൽ വന്നിറങ്ങിയിരുന്ന കാർത്തികയിൽ പദ്മനാഭൻ അപ്പൻ എന്ന കെ.പി.അപ്പനെ കണ്ടാൽ അന്ന് വളരെ പ്രചാരമുള്ള പ്രീമിയർ മിൽസ് മുണ്ടിന്റെ പരസ്യ മോഡലായിരിക്കുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ കഴിയുമായിരുന്നില്ല.അത്ര ഗ്ളാമറായിരുന്നു ഒത്തപൊക്കം കൂടിയുള്ള അപ്പൻസാറിന്.

കാറിൽ നിന്നിറങ്ങി കോളേജിന്റെ പോർട്ടിക്കോയിലൂടെ മലയാളം ഡിപ്പാർട്ടുമെന്റിലേക്ക് മന്ദംമന്ദം നടന്നു നീങ്ങുന്ന അപ്പൻസാറിനെ നോക്കി ആരാധനയോടെ നിന്നവർ അദ്ദേഹത്തിന്റെ ധിഷണയേയും വ്യക്തിപ്രഭാവത്തേയും ഒരുപോലെ വണങ്ങിയിരിക്കും.

ഒരു എഴുത്തുകാരന്റെ ഭാവങ്ങളില്ല.അദ്ധ്യാപകൻ ആണെങ്കിലും കൈയ്യിൽ അത്യപൂ‌ർവ്വമായിട്ടേ പുസ്തകം കാണുകയുള്ളു.എന്നാൽ അപ്പൻസാറിന്റെ മലയാളം ക്ളാസുകൾ എന്നും ഹൗസ് ഫുള്ളായിരുന്നു. മറ്റു വിഷയങ്ങൾ പഠിക്കുന്നവരിലെ സാഹിത്യപ്രേമികളും ആ ക്ളാസ് കേൾക്കാൻ വന്നിരുന്നു. ടെന്നീസ് കോർട്ടിലെ ബ്യോൺ ബോർഗിനെയും റോജർ ഫെഡററേയും പോലെ ആ ക്ളാസുകളിലെല്ലാം അപ്പൻസാറിന്റെ വാക്കുകൾ വിദ്യാർത്ഥികൾക്കു മുന്നിൽ നൃത്തം ചെയ്തു.പാഠഭാഗത്തിനപ്പുറം വിശ്വസാഹിത്യത്തിലെ കഥകളിലൊന്ന് പറഞ്ഞ് അപ്പൻസാർ വിദ്യാർത്ഥികളുടെ മനസിൽ കസേര വലിച്ചിട്ടിരിക്കും.ആ കഥയിലൂടെയായിരിക്കും പാഠ്യഭാഗത്തിലേക്ക് വരിക. ഒരിക്കൽ മാത്രമെ അപ്പൻസാറിന്റെ കണ്ണ് നിറഞ്ഞു കണ്ടിട്ടുള്ളു.അത് അദ്ധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച് ദിവസമായിരുന്നു.ഒരു താപസവൃത്തിയായിരുന്നു സാറിന് അദ്ധ്യാപനം.

എത്രയോ വിദ്യാർത്ഥികളുടെ ഡോക്ടറൽ തീസിസിന് ഉപദേശങ്ങൾ നൽകിയ അപ്പൻസാർ ഒരിക്കലും പി.എച്ച്.ഡി എടുത്തില്ല.പേരിനൊപ്പം പ്രൊഫസർ എന്നെഴുതുന്നതിൽ പോലും താത്പ്പര്യമില്ലായിരുന്നു.അവാർഡുകളും സ്വീകരിച്ചിട്ടില്ല. എം.ടി അദ്ധ്യക്ഷനായ സമിതി നിർണയിച്ച കേരള സാഹിത്യ അക്കാദമി അവാർഡും ഇതിൽ ഉൾപ്പെടും.

സുകുമാർ അഴീക്കോടും അപ്പൻസാറും സാഹിത്യ വിമർശനത്തിന്റെ കാര്യത്തിൽ രണ്ട് ധ്രുവങ്ങളിൽ നിന്നവരായിരുന്നു.എന്നാൽ അവർ പിൽക്കാലത്ത് ഉറ്റ സുഹൃത്തുക്കളായി . കേന്ദ്ര സാഹിത്യ അക്കാദമി പ്രാദേശിക ഭാഷകളിൽ നൽകുന്ന അവാർഡ് ജൂറിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് സുകുമാർ അഴിക്കോട് വന്നപ്പോൾ അപ്പൻസാറിന് അവാർഡ് നൽകണമെന്ന് വലിയ ആഗ്രഹമായിരുന്നു. അപ്പോഴേക്കും കാൻസർ അപ്പൻസാറിനെ വരിഞ്ഞു മുറുക്കിയിരുന്നു.ശ്രീകുമാരൻ തമ്പിയും സാറാ ജോസഫുമായിരുന്നു ജൂറിയിലെ മറ്റ് രണ്ടംഗങ്ങൾ.അവാർഡ് നിരസിക്കരുതെന്ന് അപ്പൻസാറിനോട് പറയാൻ സന്തത സഹചാരിയായ എസ്.നാസറിനെ അഴീക്കോട് ചട്ടം കെട്ടി.അപ്പൻസാർ ആദ്യം ഒന്നും മിണ്ടിയില്ല.പ്രഖ്യാപിക്കട്ടെ...അപ്പോൾ ഞാൻ ഒരു വാചകം പറയും എന്ന് മാത്രം മറുപടി നൽകി.പക്ഷേ ആ അവാർഡ് പ്രഖ്യാപിക്കും മുമ്പെ കാലം അപ്പൻസാറിനെ മടക്കിവിളിച്ചു.മരണാനന്തരം സാറിന്റെ കുടുംബം ആദരവോടെ ആ ബഹുമതി സ്വീകരിച്ചു.

ചേർത്തല എസ്.എൻ.കോളേജിൽ നിന്നാണ് കൊല്ലം എസ്.എൻ.കോളേജിലേക്ക് അപ്പൻസാർ വന്നത്.കൊല്ലത്തെ രണ്ടാം ജന്മനാട് എന്ന് വിശേഷിപ്പിച്ച് സ്ഥിരതാമസമാക്കി.കാഫ്കയേയും സാർത്രിനേയും പരിചയപ്പെടുത്തുന്ന ലേഖനങ്ങളടക്കം ആദ്യസമാഹാരം സ്നേഹിതൻ പ്രൊഫ.കല്ലട രാമചന്ദ്രനാണ് എൻ.ബി.എസിന് പ്രസിദ്ധീകരണത്തിന് നൽകിയത്. ' ക്ഷോഭിക്കുന്നവരുടെ സുവിശേഷം 'എന്ന് പേരിട്ട ആ കൃതി മലയാള സാഹിത്യത്തിലെ ആധുനികതയുടെ ബൈബിളായി വിലയിരുത്തപ്പെട്ടു.ഫിക്ഷന്റെ അവതാര ലീലകൾ ആയിരുന്നു അവസാനകൃതി. ലോക പ്രശസ്തമായ 100 നോവലുകളെക്കുറിച്ച് എഴുതാനായിരുന്നു പ്ളാൻ.പക്ഷേ 35 എണ്ണം മാത്രമെ എഴുതി പൂർത്തീകരിക്കാനായുള്ളു.ബൈബിൾ അപ്പൻസാറിന് ഏറ്റവും പ്രിയങ്കരമായിരുന്നു.ബൈബിളിൽ നിന്നുള്ള ഉൾക്കാഴ്ച അദ്ദേഹത്തിന്റെ ഭാഷയെ സ്വാധീനിച്ചിരുന്നു.ബൈബിൾ വെളിച്ചത്തിന്റെ കവചം, കന്യാമറിയത്തെക്കുറിച്ചെഴുതിയ മധുരം നിന്റെ ജീവിതം.എന്നിവ ശ്രദ്ധേയമാണ്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ' ചരിത്രത്തെ അഗാധമാക്കിയ ഗുരു ' ഉത്തരാധുനികത വംശവും വംശാവലിയും,ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക തുടങ്ങി 32 കൃതികൾ .മലയാള ഭാഷയ്ക്ക് എന്നും മുതൽക്കൂട്ടാണവ.ഓരോ വർഷാന്ത്യത്തിലും അപ്പൻ തിരഞ്ഞെടുത്തിരുന്ന കൃതികൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. മലയാളത്തിലെ ജീനിയസായ കഥാകൃത്തെന്ന് ടി.പദ്മനാഭനെ വിശേഷിപ്പിച്ച അപ്പൻ പദ്മനാഭന്റെ ഗൗരി പൈങ്കിളിയെന്ന് ചിലർ വിമർശിച്ചപ്പോൾ പ്രണയത്തിന്റ അധര സിന്ദൂരം കൊണ്ടെഴുതിയ കഥയെന്ന് മറുപടി നൽകാൻ മടിച്ചില്ല.

പി.ആർ.ഡി മുൻ ഉദ്യോഗസ്ഥൻ കൂടിയായ എസ്.നാസർ നേതൃത്വം നൽകുന്ന കൊല്ലം നീരാവിൽ നവോദയ ഗ്രന്ഥശാല അപ്പൻ സാറിന്റെ മരണ ശേഷം ഒരുവർഷം പോലും മുടങ്ങാതെ ചരമ വാർഷികം ആചരിച്ചുപോന്നു.സാർ വിദ്യാരംഭം പതിവായി നടത്തിയിരുന്നത് അവിടെയായിരുന്നു. പക്ഷേ ഈ വർഷം കൊവിഡ് അത് മുടക്കി.

ബൈബിൾ വെളിച്ചത്തിന്റെ കവചത്തിൽ അപ്പൻ സാർ ഇങ്ങനെയെഴുതി. " ക്രിസ്തുവിനെ കുറിച്ചുള്ള അറിവ് എനിക്ക് അപാരമായ സംഗീതമായി അനുഭവപ്പെട്ടു.വ്യക്തിപരമായ ആധികാരികതയിൽ ഉറച്ചുനിന്നുകൊണ്ട് സംസാരിക്കണമെന്ന് എന്നെ പഠിപ്പിച്ചത് ജീസസാണ്. ക്രിസ്മസ് വെളിച്ചത്തിന്റെയും സ്വപ്നങ്ങളുടെയും സമ്മാനങ്ങളുടെയും ദിവസമാണ്. അത് ലോകത്തെ നക്ഷത്ര നഗരങ്ങളും നക്ഷത്ര ഗ്രാമങ്ങളുമാക്കി മാറ്റുന്നു."

ഇന്ന് അപ്പൻ സാറിന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനമാണ്.അത്യുന്നതങ്ങളിൽ അപ്പൻസാറിന് മഹത്വം. ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം.